NEWSWorld

ഇസ്രയേലില്‍ മുങ്ങിയ ബിജു ഒടുവിൽ പൊങ്ങി, പോയത് ബത്‌ലഹേം അടക്കം പുണ്യസ്ഥലങ്ങള്‍ കാണാന്‍;  ഒരേജന്‍സിയും അന്വേഷിച്ച്‌ വന്നില്ലെന്നും താൻ തിരികെ എത്തിയത് സ്വമേധയാ എന്നും വിശദീകരണം

    കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തോടൊപ്പം പോയി ഇസ്രയേലില്‍ മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ പൊങ്ങി. ബഹ്‌റൈന്‍ വഴിയുള്ള എയര്‍ ഗള്‍ഫ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പുലര്‍ച്ചെ നാലോടെ ബിജു എത്തിയത്. ബിജുവിനെ സഹോദരന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുങ്ങിയതല്ല, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ബിജു പ്രതികരിച്ചു.

‘‘ബത്‌ലഹേം അടക്കം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് സംഘത്തിൽനിന്ന് പോയത്. സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. സംസ്ഥാന സർക്കാരിനോടും കൃഷിവകുപ്പിനോടും സംഘാംഗങ്ങളോടും മാപ്പു ചോദിക്കുന്നു. മടങ്ങാനുള്ള ടിക്കറ്റ് സഹോദരൻ എടുത്ത് അയച്ചുതരികയായിരുന്നു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ല’’ ബിജു പറഞ്ഞു.

Signature-ad

ഇന്നലെ വൈകിട്ട് 4നു ഇസ്രയേലിലെ ടെൽ അവീവ് വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്നതിനു മുൻപു ബിജു തന്നോടു ഫോണിൽ സംസാരിച്ചിരുന്നുവെന്നു സഹോദരൻ ബെന്നി അറിയിച്ചു. ഇക്കാര്യം ബെന്നി കൃഷിമന്ത്രി പി.പ്രസാദിനോട് അപ്പോൾ തന്നെ പറഞ്ഞു. ബെത്‍ലഹേം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിച്ചെന്നും തന്നെ കാണാതായെന്ന വാർത്തകൾ കണ്ടതിനാൽ ഭയം മൂലമാണു നാട്ടുകാരെ വിളിക്കാതിരുന്നതെന്നും ബിജു പറഞ്ഞെന്നും ബെന്നി പറയുന്നു.

ബിജുവിനെ കണ്ടെത്തിയ വിവരം ഇസ്രയേൽ അധികൃതർ ഇന്ത്യൻ എംബസിയെ അറിയിച്ചു. ഇന്ത്യയിലേക്കു തിരിച്ച‍യച്ചു എന്ന് ഇന്ത്യൻ അംബാസ‍ഡർ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോ‍കിനെയും അറിയിച്ചിരുന്നു.

ആധുനിക കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട കർഷകസംഘത്തിലെ അംഗമായ ഇരിട്ടി കെപി‍ മുക്കിലെ കോച്ചേരിൽ ബിജു, 28 പേരടങ്ങുന്ന സംഘത്തോടൊപ്പം 12 നാണ് ഇസ്രയേലിലേക്കു പുറപ്പെട്ടത്. 17നു രാത്രി ഇയാളെ കാണാതായി. അപ്രത്യക്ഷനായ ബിജു കുര്യന്‍, വീട്ടിലേക്ക് വിളിച്ച്‌ താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബിജുകുര്യനില്ലാതെ കര്‍ഷക സംഘം 20 ന് മടങ്ങിയെത്തി. ഇതിനിടെയാണ് ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടത്.

സംഘത്തിൽനിന്നു വിട്ട് ജറുസ‍മിലെത്തിയെന്നും പിന്നീടു ബെത്‍ലഹേമിൽ ഒരു ദിവസം ചെലവഴിച്ചു സംഘത്തോടൊപ്പം ചേർന്നു മടങ്ങാനായിരുന്നു പദ്ധതിയെന്നുമാണു ബിജു വീട്ടുകാരെ അറിയിച്ചിരുന്നത്. വീസ റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടിയിലേക്ക് സർക്കാർ കടന്നതോടെയാണു ബിജു തിരിച്ചു വന്നത്.

ബിജുവിന്റെ വിസയ്ക്ക് മേയ് 8 വരെ കാലാവധിയുണ്ടായിരുന്നു. ബിജുവിനെ സഹായിക്കുന്നത് ഗുണകരമല്ലെന്ന് മലയാളികള്‍ക്ക് അവിടുത്തെ ഇന്ത്യന്‍ എംബസി നല്‍കിയ സന്ദേശം ബിജുവിന് തിരിച്ചടിയായി. ഇതോടെയാണ് തിരികെപോരാന്‍ തീരുമാനിച്ചത്

സോഷ്യല്‍ മീഡിയയിലും മറ്റും മുങ്ങിയെന്ന തരത്തിലെ പ്രചാരണം മനോവിഷമമുണ്ടാക്കി. തന്നെ കണ്ടെത്തുകയോ ഏജന്‍സികള്‍ പിടികൂടുകയോ ആയിരുന്നില്ല, നാട്ടില്‍ നിന്ന് സഹോദരന്‍ അയച്ചുതന്ന ടിക്കറ്റിലാണ് തിരിച്ചെത്തിയതെന്നും ബിജു അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: