കൃഷി
കൃഷിയോടുള്ള ആവേശം മൂത്ത് പ്രവാസ ജീവിതം അവസാനിച്ച് നാട്ടിൽ തിരിച്ചെത്തിയ ടോമിയുടെ സിദ്ധാന്തമാണ് വിളവിൽ നല്ലൊരു പങ്ക് കിറ്റാക്കി ദരിദ്രർക്കും പാവപ്പെട്ടവർക്കും നൽകുക എന്നത്.
തൃശൂർ കൊടകര തേശേരി സ്വദേശി കള്ളിയത്തുപറമ്പിൽ ടോമി വീടിനോട് ചേർന്ന് സ്വന്തമായുള്ള ആറരയേക്കർ ഭൂമിയിൽ പയർ, ചീര, പാവൽ, പടവലം, പാഷൻ ഫ്രൂട്ട്, മരച്ചീനി, മത്തൻ, കുമ്പളം, വെള്ളരി, ചുരക്ക, ചേന, വഴുതന, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കായ, കൂർക്ക, മാങ്ങ, ചക്ക തുടങ്ങി എല്ലാം വിളയിക്കുന്നുണ്ട്. വിളവെടുപ്പ് സമയത്ത് ഒരു പങ്ക് നിർധനർക്കുള്ള കിറ്റാക്കും. ഓണം, വിഷു , ക്രിസ്മസ് കൂടാതെ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും നിർധനർക്ക് പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ചും നൽകാറുണ്ട്.
വിഷരഹിതമായ പച്ചക്കറി ഉൽപാദിപ്പിച്ച് കഴിക്കുക, മറ്റുള്ളവർക്കു കൊടുക്കുക എന്നതാണ് ടോമിയുടെ കൃഷി സിദ്ധാന്തം. കൊരട്ടി ചിറങ്ങരയിലെ കുംഭ നിലാവ് ആഘോഷത്തിന് പലയിനം കിഴങ്ങ് വർഗങ്ങൾ ഉപയോഗിച്ചുള്ള പുഴുക്ക് തയാറാക്കുന്നതിന് കിഴങ്ങ് എത്തിക്കുന്നതും ടോമിയാണ്. പ്രളയ സമയത്ത് കൊടകരയിൽ തുറന്ന ദുരിതാശ്വാസ ക്യാംപുകളിലേക്ക് പച്ചക്കറികൾ നൽകിയിരുന്നു. കൊടകര പഞ്ചായത്തിലെ മികച്ച കർഷകനായും ടോമിയെ തിരഞ്ഞെടുത്തിട്ടുണ്ട്.