Movie

എം.ടി വാസുദേവൻ നായർ- പി.എൻ മേനോൻ കൂട്ടുകെട്ടിലെ പൊൻതൂവലായ, മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് സിനിമ ‘ഓളവും തീരവും’ റിലീസായിട്ട് ഇന്ന് 53 വർഷം

സിനിമ ഓർമ്മ

   സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിച്ച ആദ്യമുഴുനീള മലയാള ചിത്രമെന്ന ഖ്യാതിയുള്ള ‘ഓളവും തീരവും’ റിലീസായിട്ട് 53 വർഷം. 1970 ഫെബ്രുവരി 27 നാണ് പി.എ ബക്കർ നിർമ്മിച്ച് മങ്കട രവിവർമ്മ കാമറ കൈകാര്യം ചെയ്‌ത ഈ ചിത്രം പ്രദർശനത്തിനെത്തിയത്. എം.ടി വാസുദേവൻ നായർ- പി.എൻ മേനോൻ കൂട്ടുകെട്ടിലെ മറ്റൊരു പൊൻതൂവലാണ് മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് എന്നറിയപ്പെടുന്ന ഈ ചിത്രം. ഇതേ ടീമിന്റെ ‘കുട്ട്യേടത്തി’ക്കും ഒരു വർഷം മുൻപാണ് ‘ഓളവും തീരവും’ ഒരുങ്ങിയത്. എം.ടിയുടെ ചെറുകഥയാണ് (1957) ഓളവും തീരവും.

Signature-ad

സ്വത്തിനും പണത്തിനുമൊപ്പം സ്നേഹം തൂക്കി നോക്കിയപ്പോൾ പ്രേമിച്ചവൾ (ഉഷാനന്ദിനി) നഷ്ടമായ ബാപ്പുട്ടിയുടെ (മധു) കഥ. പെണ്ണിനെ സ്വന്തമാക്കാൻ ‘കായുണ്ടാക്കാൻ’ പോയ നേരം കടവത്ത് വന്നിറങ്ങിയ പുതുപ്പണക്കാരൻ കുഞ്ഞാലിക്ക് (ജോസ്പ്രകാശ്) പെണ്ണിനെ കൊടുക്കാൻ അവളുടെ അമ്മ (ഫിലോമിന) നിശ്ചയിക്കുന്നു. പെണ്ണാണെങ്കിലോ? ‘കവിളിലുള്ള മാരിവില്ലിന് കണ്ടമാനം തുടുതുടുപ്പ്’ എന്ന് എത്ര നാൾ പാടി നടക്കും? ബാപ്പുട്ടിയുടെ കൂടെ പോകാനിരുന്ന അവളെ കുഞ്ഞാലി നശിപ്പിച്ചു. ചാരിത്ര്യം പോയാൽ പെണ്ണ് തീർന്നു എന്ന് വിചാരിച്ച അവൾ ജീവിതം അവസാനിപ്പിക്കുകയും ചെയ്‌തു.
‘കൈത്തണ്ടയ്ക്ക് ബലമുള്ളവർ ഈ നാട്ടിലുണ്ടെങ്കിൽ വാടാ’ എന്ന് മറ്റൊരു നാട്ടിൽ ചെന്ന് വെല്ലുവിളിച്ച ബാപ്പുട്ടിയാണ് മലയാളത്തിലെ ആദ്യ പൗരുഷകഥാപാത്രം. അതുവരെ നാടകശൈലി പിൻതുടർന്നിരുന്ന മലയാള സിനിമയെ സിനിമാറ്റിക്ക് ആക്കി ‘ഓളവും തീരവും’.
പി ഭാസ്‌ക്കരൻ- ബാബുരാജ് കൂട്ടുകെട്ടിലെ 8 ഗാനങ്ങളിൽ ‘മണിമാരൻ തന്നത് പണമല്ല, പൊന്നല്ല, മധുരക്കിനാവിന്റെ കരിമ്പിൻതോട്ടം’ ഇപ്പോഴും ആസ്വാദകമനസ്സുകളിലുണ്ട്. ബാബുരാജ് ഒരു ഗാനം ആലപിച്ചതിന് പുറമേ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്‌തു.

എം.ടിയുടെ കഥകളെ ആസ്‌പദമാക്കി മകൾ അശ്വതി നിർമ്മിക്കുന്ന നെറ്റ്ഫ്ളിക്സ് ആന്തോളജിയിൽ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘ഓളവും തീരവു’മുണ്ട്. മധു അവതരിപ്പിച്ച ‘ബാപ്പുട്ടി’ എന്ന നായക കഥാപാത്രത്തെ പുരനാഖ്യാനത്തില്‍ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്.

എം.ടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോർത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ജയരാജ്, സന്തോഷ് ശിവന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ചിത്രങ്ങള്‍ ഒരുക്കുന്നുണ്ട്.
പക്ഷേ ഈ ചിത്രങ്ങൾ എന്ന് പ്രേക്ഷകർക്കു മുന്നിലെത്തുമെന്ന് വ്യക്തമല്ല.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: