കുടുംബ വസ്തുവിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അടിയേറ്റ് മരിച്ച സംഭവത്തിൽ അനുജൻ ഉൾപ്പെടെ 3 പേർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം ആര്യനാട് ഇറവൂർ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ ചന്തു എന്ന ആർ.സൗദ്രൻ (50) ആണ് മരിച്ചത്. കേസിൽ സൗദ്രന്റെ അനുജൻ കുട്ടൻ എന്ന ഗോപകുമാർ (44), വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ സുരേഷ് (48), വണ്ടയ്ക്കൽ തോട്ടരികത്ത് വീട്ടിൽ സോമൻ (53) എന്നിവരെ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ടാർപോളിൻ കെട്ടിയ കുടിലിന് സമീപം കിടന്ന ചന്തുവിന്റെ മൃതദേഹം രാവിലെ കുടുംബവീട്ടിലെ ഹാളിൽ കൊണ്ടുകിടത്തിയതിനാണ് സുരേഷിനെയും സോമനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മരിച്ച സൗദ്രൻ പരേതനായ രാമകൃഷ്ണൻ ആശാരിയുടെയും തുളസിയമ്മയുടെയും മകനാണ്. തലയ്ക്കേറ്റ അടിയാണ് മരണകാരണം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ജ്യേഷ്ഠനും അനുജനും തമ്മിൽകുടുംബ വസ്തുവായ 40 സെന്റിനെ ചൊല്ലി വഴക്ക് പതിവായിരുന്നു. ശനിയാഴ്ച വൈകിട്ടും രാത്രി ഒരു മണിക്കും ഇത് സംബന്ധിച്ച് തർക്കമുണ്ടായി. ഇതിനിടെ ഗോപകുമാർ സമീപത്ത് കിടന്ന മുളക്കമ്പ് എടുത്ത് ചന്തുവിന്റെ തലയിൽ അടിച്ചത് കണ്ടതായി സഹോദരി രജനി മൊഴി നൽകിയിട്ടുണ്ടെന്ന് കാട്ടാക്കട ഡിവൈഎസ്പി പറയുന്നു. മുളക്കമ്പ് ഒടിഞ്ഞ നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.
ചന്തു, താമസിക്കുന്ന കുടിലിനടുത്ത് കിടക്കുന്നത് കണ്ട് അബോധാവസ്ഥയിൽ ആണെന്ന് കരുതിയാണ് സമീപത്തെ കടയിൽ ചായ കുടിക്കാൻ എത്തിയ വണ്ടയ്ക്കൽ സ്വദേശികളായ 2 പേർ കുടുംബ വീടിന്റെ ഹാളിൽ കൊണ്ട് കിടത്തിയത് എന്നാണ് വിവരം. രാവിലെ 6.30 ന് പ്രദേശവാസികൾ വിവരം അറിയിച്ചതോടെ ആണ് പൊലീസ് സ്ഥലത്ത് എത്തിയത്.
വിവരം അറിഞ്ഞ് നാട്ടുകാരും തടച്ചുകൂടി. ഇതിനിടെ സൗദ്രനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഗോപകുമാറിനെയും മ്യതദേഹം കുടുംബ വീട്ടിൽ കൊണ്ടു കിടത്തിയ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിരലടയാള വിഗദ്ധരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ച് സമീപത്തെ ഗോപ കുമാറിന്റെ വീട്ടിൽ ആണ് കയറിയത്. ചന്തുവിനെ അടിച്ച മുളക്കമ്പും വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
റോഡിനോട് ചേർന്ന് ടാർപോളിൻ കെട്ടിയ കുടിലിൽ ആണ് ചന്തു താമസിക്കുന്നത്. ഇതിന് പിന്നിലാണ് ഗോപ കുമാറും ഭാര്യയും മക്കളും താമസിക്കുന്ന കുടിലും സമീപം ആണ് മാതാവും സഹോദരിയും മകളും താമസിക്കുന്ന കുടുംബ വീടും.
റൂറൽ പൊലീസ് മേധാവി ശിൽപ ദേവയ്യയും സ്ഥലത്തെത്തി. ചന്തു അവിവാഹിതനാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.