കാൺപുർ: വ്യാപാരിയെ നടുറോഡിൽ തടഞ്ഞുനിർത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഉത്ർപ്രദേശിലെ കാൺപുരിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് പോലീസുകാർ ചേർന്ന് 5,03,000 രൂപയാണ് വ്യാപാരിയിൽനിന്ന് തട്ടിയെടുത്തത്. കാൺപൂരിലെ സചേന്തി മേഖലയിലാണ് സംഭവം.
കാൺപൂരിലെ ദേഹതിൽ താമസിക്കുന്ന ഹാർഡ് വെയർ വ്യാപാരിയാണ് കവർച്ചയ്ക്ക് ഇരയായത്. സചേന്തിയിലൂടെ കാറിൽ പോകുമ്പോഴാണ് സിവിൽ വേഷത്തിലെത്തിയ മൂന്ന് പൊലീസുകാർ തടഞ്ഞുനിർത്തി പരിശോധിച്ചത്. കാറിൽനിന്ന് 5,00,000 രൂപയിലധികം കണ്ടെടുത്തതോടെ കണക്കിൽപ്പെടാത്ത പണമാണെന്ന് പറഞ്ഞ് വ്യാപാരിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇത് ചൂതാട്ടത്തിലൂടെ ലഭിച്ച പണമാണെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് പൊലീസുകാർ വ്യാപാരിയെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് പണം അടങ്ങിയ ബാഗ് പിടിച്ചെടുത്ത് പൊലീസുകാർ പോയി. ഇതോടെ പിറ്റേദിവസം വ്യാപാരി സചേന്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതോടെ സചേന്തി എസ്എച്ച്ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാൺപൂർ പോലീസ് കമ്മീഷണർ ബിപി ജോഗ്ദന്ദ് മൂന്ന് പോലീസുകാരെയും സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.