KeralaNEWS

കാലുമാറി ശസ്ത്രക്രിയ നടത്തിയ നാഷണൽ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു; അശ്രദ്ധമായി ചികില്‍സിച്ചതിന് കേസെടുത്തത് നടക്കാവ് പൊലീസ് 

കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. അശ്രദ്ധമായി ചികില്‍സിച്ചതിന് നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. ഒരു വര്‍ഷം മുന്‍പ് വാതിലില്‍ കുടുങ്ങിയാണ് സജ്‌നയുടെ വലതുകാലിന്റെ ഞെരമ്പിന് പരുക്കേറ്റത്. ശസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇടത് കാലിന്റെ പരിശോധന പൂര്‍ത്തിയാക്കി ഇന്നലെ അനസ്‌തേഷ്യ നല്‍കി. ബോധം വന്നപ്പോഴാണ് കാലുമാറി ശസ്ത്രക്രിയ നടത്തിയ കാര്യം സജ്‌ന അറിയുന്നത്. ഇതിനെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്കും ഡി.എം.ഒയ്ക്കും പോലീസിനും പരാതി നല്‍കി. വിഷയത്തിൽ ഇടപെട്ട ആരോഗ്യ മന്ത്രി വീണാ ജോർജ്, അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതേസമയം, നാഷണൽ ആശുപത്രിയുടെ വിശദീകരണം തള്ളി ഇരയായ സജ്നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഒരു വർഷത്തോളം ഇടതു കാലിന് ചികിത്സിച്ചതിന്‍റെ രേഖകൾ കൈവശമുണ്ട്. വിവാദമായപ്പോൾ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്താൻ ചികിത്സാ രേഖകളിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് തിരിമറി നടത്തിയെന്ന് സജ്നയുടെ മകൾ ഷിംന പറയുന്നു. ആശുപത്രിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം. തുടർചികിത്സയ്ക്കായി സജ്നയെ ബന്ധുക്കൾ നാഷണൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

Signature-ad

കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബഹിർഷാന്‍റെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചതോടെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്.

വലത് കാലിനും പരിക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസത്രക്രിയ ചെയ്തതെന്നായിരുന്നു ഡോക്ടറുടെ ആദ്യ വിശദീകരണം. എന്നാൽ സ്കാനിംഗ് റിപ്പോർട്ട് അടക്കം ആവശ്യപ്പെട്ടപ്പോൾ മറുപടി ഇല്ല. ബന്ധുക്കൾ വിശദീകരണം ചോദിപ്പോൾ മറുപടിയില്ലാതെ തലകുനിച്ച് ഇരിക്കുകയാണ് ഡോക്ടർ ചെയ്തത്. മാനേജ്മെന്‍റുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്നും ബന്ധുക്കളോട് ഡോക്ടർ അഭ്യർത്ഥിച്ചു. തെറ്റുപറ്റിയെന്ന് ഓർത്തോ വിഭാഗം മേധാവി കൂടിയായ ഡോക്ടർ പി ബഹിർഷാൻ സമ്മതിച്ചതായി ബന്ധുക്കൾ പറയുന്നു.

Back to top button
error: