ഉറക്കം വരാത്തവർക്ക് ഉറങ്ങാൻ ചില സൂത്രവഴികൾ, ഉറങ്ങാനും ഉണരാനും ‘ജൈവ ക്ലോക്ക്’ പാലിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം
വൈകി ഉറങ്ങി വൈകി ഉണരുന്ന ശീലം ദോഷകരമെന്ന് ആരോഗ്യവിദഗ്ധര്‍. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ജീവിതശൈലീ രോഗങ്ങളില്‍ നിന്നു സുരക്ഷ നേടാനും തലച്ചോറിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകാനുമൊക്കെ നല്ല ഉറക്കം അനിവാര്യമാണ്. മുതിര്‍ന്ന ഒരാള്‍ക്ക് ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറക്കം ലഭിക്കണം. രാത്രി രണ്ട് മണിക്കോ മൂന്ന് മണിക്കോ കിടന്ന്, രാവിലെ ഒമ്പതിനും പത്തിനും എഴുന്നേല്‍ക്കുന്നവര്‍ ധാരാളമുണ്ട്. എങ്ങനെയും ഏഴു മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടല്ലോ എന്നതായിരിക്കും ഇവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ഗുണങ്ങളൊന്നുമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
നമ്മുടെ ശരീരത്തിനൊരു ‘ജൈവ ക്ലോക്ക്’ ഉണ്ട്. അതായത് സൂര്യനുദിക്കുന്ന സമയത്തിനും സൂര്യനസ്തമിക്കുന്ന സമയത്തിനും അനുസരിച്ച് ശരീരത്തിൻ്റെ പ്രവര്ത്തനക്രമമാണത്. ഇതനുസരിച്ച് സൂര്യാസ്തമനം കഴിഞ്ഞാണ് പതിയെ പല ആന്തരീകാവയങ്ങളും അതിന്റെ ധര്‍മ്മങ്ങളിലേക്ക് കടക്കുന്നത്. ദഹനവ്യവസ്ഥയില്‍ വരുന്ന അവയവങ്ങള്‍, കരള്‍ എല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നവരില്‍ ഈ ജൈവ ക്ലോക്ക് തെറ്റിയാണ് ഓടുന്നത്. ശരീരത്തിന് പലപ്പോഴും എന്ത്, എപ്പോഴാണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ വരാം. ഇത് മിക്കവരേയും ജീവിതശൈലീരോഗങ്ങളിലേയ്ക്കു നയിക്കും. അതുപോലെ വയറ് സംബന്ധമായ അസ്വസ്തകള്‍, ഉത്കണ്ഠ- വിഷാദം പോലുള്ള പ്രശ്നങ്ങളെല്ലാം ബാധിക്കാം. ഭക്ഷണം- ഉറക്കം എന്നിവയ്ക്കെല്ലാം സമയക്രമം നല്‍കുന്നത് ഒരുപാട് രോഗങ്ങള്‍ ചെറുക്കുന്നതിന് സഹായിക്കും.
കിടന്നാലും പെട്ടന്ന് ഉറങ്ങാന്‍ സാധിക്കാത്തത് ഇന്ന് മിക്കവരുടെയും പ്രശ്നമാണ്. ഇത്തരക്കാര്‍ക്ക് അക്യുപ്രഷര്‍ മാര്‍ഗം സ്വീകരിക്കാവുന്നതാണ്.
നമ്മുടെ ശരീരത്തില്‍ ചില പ്രഷര്‍ പോയിന്റുകള്‍ ഉണ്ട്. അവിടെ സമ്മര്‍ദ്ദം ചെലുത്തുന്നതിലൂടെ പെട്ടന്ന് ഉറങ്ങാന്‍ സാധിക്കും. നമ്മുടെ ചെവിക്ക് പിന്‍ഭാഗത്തായി കുറച്ച് സമയം അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ കഴിയും. ചെവിയുടെ തൊട്ടുപിന്നില്‍ ഇയര്‍ലോബിന്റെ ഭാഗത്താണ് അമര്‍ത്തേണ്ടത്. അല്പനേരം ഇവിടെ അമര്‍ത്തിയാല്‍ വേഗം ഉറങ്ങാനാവും. ഈ പോയിന്റിനെ അനീമിയ പോയിന്റ് എന്ന് വിളിക്കുന്നു. ഏകദേശം 10 മുതല്‍ 20 തവണ അമര്‍ത്തിയാല്‍ തന്നെ നമുക്ക് പെട്ടെന്ന് ഉറക്കം ലഭിക്കും.
ഉറക്കമില്ലായ്മയുടെ കാരണം പലര്‍ക്കും പലതാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റും ഇതിന് കാരണമാകാം. അത്തരമൊരു സാഹചര്യത്തില്‍ വേഗത്തില്‍ ഉറങ്ങാന്‍ രണ്ട് പുരികങ്ങള്‍ക്കും ഇടയിലായി കുറച്ച് നേരം സമ്മര്‍ദ്ദം ചെലുത്തിയാല്‍ മതിയാകും. ഇതിലൂടെ പെട്ടെന്ന് ഉറക്കം കിട്ടും. കഴുത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ നമുക്ക് നല്ല റിലാക്സേഷന് അനുഭവപ്പെടും. ഇതോടൊപ്പം നല്ല ഉറക്കവും വരും. തലയോട്ടിക്ക് തൊട്ടു താഴെ കഴുത്തിലെ പിന്‍വശത്തായാണ് ഇത്തരത്തില്‍ മസാജ് ചെയ്യേണ്ടത്. തള്ളവിരലിന്റെ സഹായത്തോടെ അല്പനേരം ഈ ഭാഗത്ത് അമര്‍ത്തിയാല്‍ ശരീരത്തിന് നല്ല വിശ്രമം അനുഭവപ്പെടുകയും വേഗത്തില്‍ ഉറക്കം വരികയും ചെയ്യും. അക്യുപ്രഷര്‍ പ്രകാരം കൈപ്പത്തിയിലെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം നല്കിയാല് ശരീരം വിശ്രമാവസ്ഥയിലാകും. പെട്ടന്ന് ഉറങ്ങാനായി നിങ്ങളുടെ രണ്ട് വിരലുകള്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ നേരിയ മര്‍ദ്ദം പ്രയോഗിക്കുക. ഇവിടെ വിരലുകള്‍ കൊണ്ട് അമര്‍ത്തുന്നത് വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്നു.
സുഖകരമായ ഉറക്കം ലഭിക്കാൻ ചില കുറുവഴികൾ
രാത്രി സമയങ്ങളിൽ ദീർഘനേരം ടിവി കാണുന്നവരുണ്ട്. അത് നല്ല ശീലമല്ല. ഒരു സമയം കഴിഞ്ഞാൽ ടി.വി ഓഫ് ചെയ്യുക. കിടക്കുന്നതിനു മുമ്പുള്ള ഫോൺവിളിയും മെസ്സേജ് അയക്കുന്നതും ഒഴിവാക്കുക. അമിതമായ കഫീൻ ഉപയോഗവും രാത്രിയുള്ള ഉറക്കം കെടുത്തം. ഇതും നിയന്ത്രിക്കുക. രാത്രിയിലെ സിഗരറ്റ് വലിയും മദ്യപാനവും നിങ്ങളുടെ ഉറക്കം ഇല്ലാതാക്കും. ഇത് അടുത്ത ദിവസത്തെ ഉല്ലാസത്തെയും നശിപ്പിക്കും.
കിടക്കുന്നതിനു മുൻപ് ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതും കാലുകൾ വെള്ളത്തിൽ അൽപനേരം കുതിർക്കുന്നതും നല്ലതാണ്. ഉറങ്ങുന്നതിനു മുൻപ് വായിക്കുന്ന ശീലമുള്ളവർ സന്തോഷം നൽകുന്ന പുസ്തകങ്ങൾ വായിക്കുക. ആകാംക്ഷ ഉണർത്തുന്ന നോവലുകളും മറ്റും ഒഴിവാക്കുക.