കൽപ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ജില്ലാ കളക്ടര്‍ക്കുളള അവാര്‍ഡ് നേടിയതില്‍ എറെ സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടര്‍ എ ഗീത. ഇത് കൂട്ടായ്മയുടെ വിജയമാണ്. നേട്ടം വയനാട് ജില്ലയ്ക്ക് ലഭിച്ച അംഗീകാരമാണ്. പുരസ്‌ക്കാര നേട്ടം ഉത്തരവാദിത്ത്വം വര്‍ദ്ധിപ്പിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരുടെ കൂട്ടായ പ്രയ്തനത്തിന്റെ ഫലമാണ് ജില്ലയെ തേടിയെത്തിയ പുരസ്‌ക്കാരങ്ങള്‍.
സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലാ കളക്ടര്‍ എ.ഗീത സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടർ. വയനാട് കളക്ട്രേറ്റാണ് സംസ്ഥാനത്തെ മികച്ച കളക്ട്രേറ്റ് ഓഫീസ്. മാനന്തവാടി സബ് കളക്ടര്‍ ഓഫീസാണ് സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസ്.
ഏറ്റവും മികച്ച നാല് അവാര്‍ഡുകളില്‍ ഒന്നാമതെത്തിയ വയനാട് ജില്ലയുടേത് സമാനതകളിലാത്ത ചരിത്ര നേട്ടമായി. റവന്യു വകുപ്പില്‍ തഹസില്‍ദാര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫിസര്‍മാര്‍ക്കു വീതം ജില്ലാ അടിസ്ഥാനത്തിലുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ജില്ലാതലത്തില്‍ മികച്ച വില്ലേജ് ഓഫീസിനും അവാര്‍ഡുണ്ട്.
പുല്‍പ്പള്ളി വില്ലേജ് ഓഫീസാണ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ്. മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുളള പുരസ്‌ക്കാരത്തിന് ജില്ലയില്‍ നിന്നും കെ.പി. സാലിമോള്‍ (പുല്‍പ്പള്ളി), കെ.എസ്. ജയരാജ് (നല്ലൂര്‍നാട്), എം.വി. മാത്യൂ (നടവയല്‍) എന്നിവര്‍ അര്‍ഹരായി. മാനന്തവാടി റീ സര്‍വ്വെ സൂപ്രണ്ട് ഓഫീസിലെ ആര്‍. ജോയി സര്‍വ്വെ സൂപ്രണ്ട് വിഭാഗത്തില്‍ സംസ്ഥാനതലത്തിലും അതേ ഓഫീസിലെ പി. ദീപക് സര്‍വെയര്‍ വിഭാഗത്തിലും അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ രാജേഷ് കരുവാന്‍കണ്ടി ഡ്രാഫ്റ്റ്സ്മാന്‍ വിഭാഗത്തിലും പുരസ്‌ക്കാരത്തിന് അര്‍ഹരായി. അവാര്‍ഡുകള്‍ ഫെബ്രുവരി 24 ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന റവന്യൂ ദിനാചരണ ചടങ്ങില്‍ വിതരണം ചെയ്യും.
മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കിയ എ.ബി.സി.ഡി പദ്ധതി, തീവ്രയത്നത്തിലൂടെ പട്ടയ വിതരണം സുഗമമാക്കിയത്, ഒട്ടേറെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്, പട്ടികജാതി പട്ടികവര്‍ഗ മേഖലയിലെ ഇടപെടലുകൾ, എം.പി- എം.എല്‍.എ ഫണ്ടുകളുടെ മികച്ച വിനിയോഗം, ദേശീയ തൊഴിലുറപ്പ് പദ്ധതി, ജല ജീവന്‍ മിഷന്‍, റീ ബില്‍ഡ് കേരള, ഇതര വകുപ്പുകളുടെ പദ്ധതി നിര്‍വ്വഹണം തുടങ്ങിയവയിലെല്ലാം കൈവരിച്ച പുരോഗതി പുരസ്‌ക്കാര നിര്‍ണ്ണയത്തില്‍ സഹായകരമായതായി.
തിരുവനന്തപുരം സ്വദേശിനിയായ എ. ഗീത 2014 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്. 2021 സെപ്തംബര്‍ 9 നാണ് വയനാട് ജില്ലയില്‍ കളക്ടറായി ചുമതലയേറ്റത്. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ആർ. ശ്രീലക്ഷ്മി എറണാകുളം ആലുവ സ്വദേശിനിയാണ്. 2018 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ 29- ാം റാങ്കുകാരിയും സംസ്ഥാനത്ത് ഒന്നാമതുമായിരുന്നു.