തിരുവനന്തപുരം: ഇസ്രയേലില്‍ കാണാതായ കണ്ണൂര്‍ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരില്‍ ബിജു കുര്യന്, യാത്രയുടെ തുടക്കം മുതല്‍ സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നതായി വെളിപ്പെടുത്തല്‍. സംഘത്തിലുണ്ടായിരുന്ന ചില സഹയാത്രികരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജു ആസൂത്രിതമായി മുങ്ങിയെന്നാണു കരുതുന്നതെന്നും ചില സഹയാത്രികര്‍ വ്യക്തമാക്കി. ആധുനിക കൃഷിരീതി പഠിക്കാന്‍ ഇസ്രയേലിലേക്ക് അയച്ച സംഘത്തിലെ കര്ഷകന് അവിടെവച്ച് മുങ്ങിയത് സര്‍ക്കാരിന് നാണക്കേടായിരിക്കെയാണ്, മുന്‍കൂട്ടി പദ്ധതിയിട്ടാണ് ബിജു മുങ്ങിയതെന്ന സംഘാംഗങ്ങളുടെ വെളിപ്പെടുത്തല്‍.
അതിനിടെ, ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇസ്രയേലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കത്തയച്ചു. ബിജുവിനെ കാണാതായതു സംബന്ധിച്ച് പായം കൃഷി ഓഫീസര്‍ കെ.ജെ.രേഖ ജില്ലാ മേധാവി മുഖേന കൃഷി വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി. താന്‍ ഇസ്രയേലില്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങള്‍ക്ക് വാട്സാപ്പില്‍ മെസേജ് അയച്ചിരുന്നു.
ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണു കാണാതായത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോക് അപ്പോള്‍ തന്നെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചിരുന്നു. തിരച്ചില്‍ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേല്‍ അധികൃതരില്‍നിന്ന് ഇന്നലെയും ലഭിച്ചത്. അതേസമയം, ബിജു ഒഴികെയുള്ള സംഘം ഇന്നലെ പുലര്‍ച്ചെ നെടുമ്പാശേരിയില്‍ മടങ്ങിയെത്തി.