CrimeNEWS

അടൂരില്‍ മക്കളെ ലക്ഷ്യമിട്ട് വീടുകയറി ആക്രമണം; കാപ്പാ പ്രതിയുടെ അമ്മ വെട്ടേറ്റ് മരിച്ചു

പത്തനംതിട്ട: അടൂര്‍ കലഞ്ഞൂരില്‍ വീടുകയറി ആക്രമണത്തില്‍ വെട്ടേറ്റ സ്ത്രീ മരിച്ചു. മാരൂര്‍ വടക്കെ ചെരിവില്‍ സുജാത (55) ആണ് മരിച്ചത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണ്ണെടുപ്പിനെ എതിര്‍ത്തയാളുടെ ഒന്നര വയസ്സുള്ള കുട്ടിയെ പട്ടിയെക്കൊണ്ട് കടിപ്പിച്ച ക്വട്ടേഷന്‍ സംഘത്തിലെ യുവാക്കളുടെ അമ്മയാണ് ഇന്നലെ രാത്രി ആക്രമണത്തിന് ഇരയായത്. വെട്ടുകൊണ്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സുജാത

സുജാതയുടെ മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരോടുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിനു കാരണമായതെന്നാണ് വിവരം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ഇവരെ തിരഞ്ഞ് വീട്ടിലെത്തിയ അക്രമികള്‍, ഇരുവരെയും കിട്ടാതായതോടെ സുജാതയെ ആക്രമിക്കുകയായിരുന്നു. തോര്‍ത്തുകൊണ്ട് മുഖം മറച്ചാണ് അക്രമികള്‍ എത്തിയത്. കമ്പിവടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സുജാതയുടെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു.

Signature-ad

വസ്തുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇവിടെ മണ്ണെടുക്കാനുള്ള നീക്കം നടന്നിരുന്നു. ജെസിബി ഉള്‍പ്പെടെ എത്തിച്ച് മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരില്‍ ചിലര്‍ തടഞ്ഞു. ഇതിനെ പ്രതിരോധിക്കാനാണ് സുജാതയുടെ മക്കളായ ചന്ദ്രലാല്‍, സൂര്യലാല്‍ എന്നിവരെ എതിര്‍സംഘം രംഗത്തിറക്കിയത്. ഇതില്‍ സൂര്യലാല്‍ കാപ്പ കേസില്‍ പ്രതിയാണ്.

അഞ്ച് നായ്ക്കളുമായി സ്ഥലത്തെതിയ സൂര്യലാലും ചന്ദ്രലാലും ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘര്‍ഷത്തിനിടെ ഒന്നര വയസ്സുള്ള ഒരു കുട്ടിക്ക് നായയുടെ കടിയേറ്റു. ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് എതിര്‍ സംഘത്തില്‍പ്പെട്ട ആളുകള്‍ സുജാതയുടെ വീടുകയറി ആക്രമിച്ചത്. മക്കളെയാണ് ഇവര്‍ ലക്ഷ്യമിട്ടതെങ്കിലും കാണാതെ വന്നതോടെ സുജാതയെ ആക്രമിക്കുകയായിരുന്നു.

വീട്ടിലുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ട സംഘം, കട്ടിലുള്‍പ്പെടെ കിണറ്റില്‍ തള്ളുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ഒരു പട്ടിയെയും സംഘം വെട്ടിക്കൊന്നു. ഇതിനിടെയാണ് സുജാതയ്ക്കും വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ചന്ദ്രലാലും സൂര്യലാലും ഇപ്പോഴും ഒളിവിലാണ്. ഇവരുടെ വീടുകയറി ആക്രമണം നടത്തിയ പ്രതികളും ഒളിവില്‍ തുടരുന്നു. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: