റായ്പുര്‍: പ്ലീനറി സമ്മേളനം നടക്കാനിരിക്കേ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ വ്യാപക പരിശോധന. പതിനാല് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് ഇ.ഡി വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കോണ്‍ഗ്രസ് ട്രഷററുടെയും മുന്‍ വൈസ് പ്രസിഡന്റിന്റെയും എം.എല്‍.എമാരുടെയും വസതികളിലാണ് പരിശോധന. പത്തിലേറെ നേതാക്കളുടെ ഓഫീസുകളിലും, വീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്.
ട്രഷററുടെ വീട്ടിലടക്കം നടക്കുന്ന പരിശോധനയെ കോണ്‍ഗ്രസ് അപലപിച്ചു. പ്ലീനറി സമ്മേളനത്തിന് നാല് ദിവസം മുന്‍പ് നടക്കുന്ന ഇ.ഡി റെയ്ഡിനെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ അപലപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള പരിശോധനകള്‍ കൊണ്ട് കോണ്‍ഗ്രസിന്റെ ആത്മവീര്യത്തെ തകര്‍ക്കാന്‍ ആകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
‘ഭാരത് ജോഡോ’ യാത്രയുടെ വിജയവും അദാനിക്ക് പിന്നിലെ സത്യം വെളിപ്പെട്ടതും ബി.ജെ.പിയെ പരിഭ്രാന്തരാക്കി. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് റെയ്‌ഡെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബി.ജെ.പി നടത്തുന്നത് തരം താഴ്ന്ന രാഷ്ട്രീയമാണെന്ന് ജയറാം രമേശ് ആരോപിച്ചു. കോണ്‍ഗ്രസിനെ തകര്‍ക്കാനാകില്ല. പ്രധാനമന്ത്രിക്കെതിരായ പോരാട്ടത്തിന് ഊര്‍ജം നല്‍കുന്നതാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഇത്തരം നീക്കങ്ങളെന്ന് അദ്ദേഹം പറഞ്ഞു.