NEWSWorld

തുര്‍ക്കി-സിറിയ ഭൂചലനം; മരണം അരലക്ഷത്തിലേക്ക്, സിറിയയിൽ രക്ഷാപ്രവർത്തനം ഇഴയുന്നു, യു.എന്നിനെതിരേയും പ്രതിഷേധം

അങ്കാറ: തുര്‍ക്കി – സിറിയ ഭൂചലനത്തില്‍ മരണ സംഖ്യ അരലക്ഷത്തിലേക്ക്. ഇതുവരെ മരണം 45000 കടന്നതായാണ് ഔദ്യോഗിക കണക്കുകൾ. തുര്‍ക്കിയില്‍ 39,672 പേരും സിറിയയില്‍ 5814 പേരുമാണ് മരിച്ചത്. എന്നാൽ യഥാർത്ഥ മരണ സംഖ്യ ഇതിലേറെ വരുമെന്ന് സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സിറിയയിലെ ഭൂകമ്പബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്ക് സഹായം കൃത്യമായി എത്തിക്കാനാകാത്തത് തിരിച്ചടിയാണ്. അവിടെ നിന്നുള്ള യഥാർത്ഥ വിവരങ്ങളും ലഭ്യമല്ല.

തുര്‍ക്കിയില്‍ 100 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ 50,000 കടന്നേക്കുമെന്ന് നേരത്തെ യു.എന്‍ ദുരിതാശ്വാസ വിഭാഗം മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് അറിയിച്ചിരുന്നു. തുര്‍ക്കിയില്‍മാത്രം 2.6 കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചതായാണ് യു.എന്നിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. തുര്‍ക്കിയിലും സിറിയയിലുമായി അടിയന്തരമായി 8.70 ലക്ഷം പേര്‍ക്ക് ഭക്ഷണം ആവശ്യമാണ്. സിറിയയില്‍മാത്രം 53 ലക്ഷം പേര്‍ ഭവനരഹിതരുമായി.

Signature-ad

അതേസമയം തുര്‍ക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവര്‍ സുരക്ഷിതരാണെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ദുരിതബാധിതമേഖലയില്‍ മോഷണം നടത്താന്‍ ശ്രമിച്ച 98 പേരെ തുര്‍ക്കി പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് തോക്കുകള്‍ ഉള്‍പ്പെടെ പൊലീസ് കണ്ടെടുത്തു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളില്‍ നിന്നും തുര്‍ക്കിയിലേക്ക് സഹായം എത്തുന്നുണ്ടെങ്കിലും സിറിയയെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് യു.എന്‍ പറഞ്ഞു. ”വടക്കുപടിഞ്ഞാറന്‍ സിറിയ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇനിയും വരാത്ത അന്താരാഷ്ട്ര സഹായത്തിനായി അവര്‍ കാത്തിരിക്കുന്നു” എന്നായിരുന്നു മാര്‍ട്ടിന്‍ ഗ്രിഫിത്സ് ട്വിറ്ററില്‍ കുറിച്ചത്.

ഇഡ് ലിബ് പ്രവിശ്യയിലെ ജന്‍ദാരിസില്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ യു.എന്‍ പതാക തലകീഴായി ഉയര്‍ത്തിയ സംഭവവും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എന്‍ സഹായം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പതാക തലകീഴായി ഉയര്‍ത്തിയത്.

Back to top button
error: