റാംമന്ദിർ ട്രസ്റ്റ് തലവന് കോവിഡ് ,സ്ഥിരീകരിച്ചത് ഭൂമി പൂജക്ക് പിന്നാലെ
ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മേധാവി നൃത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു .ഒരാഴ്ചക്ക് മുൻപ് രാമക്ഷേത്ര ശിലാസ്ഥാപനത്തിനു അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊത്ത് പങ്കെടുത്തിരുന്നു .
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നൃത്യ ഗോപാൽ ദാസിന് പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചു .ഓഗസ്റ്റ് 5 നു നടന്ന രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ യോഗി ആദിത്യനാഥ് ,ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് എന്നിവരും നൃത്യ ഗോപാൽ ദാസിന്ഒപ്പം വേദി പങ്കിട്ടിരുന്നു .
നൃത്യ ഗോപാൽ ദാസ് ക്ഷണിച്ച 175 അതിഥികൾ ആണ് ചടങ്ങിൽ പങ്കെടുത്തത് .കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ നടന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കപ്പെട്ടു എന്ന് അധികൃതർ അവകാശപ്പെട്ടിരുന്നു .പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴും സ്റ്റാമ്പ് പുറത്തിറക്കുമ്പോഴും നൃത്യ ഗോപാൽ ദാസ് വേദിയിൽ ഉണ്ടായിരുന്നു ..