KeralaNEWS

കോന്നിയിലെ കൂട്ട അവധിയിൽ കൂട്ട നടപടിയുണ്ടാകും; അന്വേഷണ റിപ്പോര്‍ട്ട് കൈമാറി, നടപടിക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ

പത്തനംതിട്ട: വിവാദമായ കോന്നിയിലെ കൂട്ട അവധിയിൽ കൂട്ട നടപടിയുണ്ടാകും. കൂട്ട അവധിയെടുത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് പത്തനംതിട്ട ജില്ലാ കലക്ടറുടെ ശുപാര്‍ശ. ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യർ അന്വേഷണ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി. ജീവനക്കാരുടെ കൂട്ടഅവധിയില്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് റവന്യൂമന്ത്രി പരിശോധിച്ച ശേഷമാകും നടപടി സ്വീകരിക്കുക. കോന്നി താലൂക്ക് ഓഫീസിലെ 40 ഓളം ജീവനക്കാരാണ് വെള്ളിയാഴ്ച ജോലിക്ക് ഹാജരാകാതിരുന്നത്. ഇവരില്‍ പകുതിയോളം പേര്‍ ലീവ് അപേക്ഷ നല്‍കിയിരുന്നു. 19 പേരാണ് മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയത്. ഇവര്‍ കൃത്യമായി അവധിയെടുത്തശേഷമാണ് ഉല്ലാസയാത്രയ്ക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തഹസില്‍ദാര്‍ അടക്കം ജീവനക്കാരെ കലക്ടറേറ്റിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തശേഷമാണ് കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 61 ജീവനക്കാരുള്ള താലൂക്ക് ഓഫീസിലെ 40 ഓളം പേര്‍ കൂട്ടത്തോടെ അവധിയെടുത്തത് ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരുന്നു.

Signature-ad

ജീവനക്കാര്‍ കൂട്ട അവധിയെടുത്ത വിവരം അറിഞ്ഞ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തിയതോടെയാണ് സംഭവം വിവാദമായത്. എംഎല്‍എ താലൂക്ക് ഓഫീസിലെ ഹാജര്‍ബുക്ക് പരിശോധിക്കുകയും, വിവരം മന്ത്രിയെയും റവന്യൂ സെക്രട്ടറി ഉള്‍പ്പെടെയുള്ള അധികാരികളെയും അറിയിക്കുകയായിരുന്നു.

ജീവനക്കാരുടെ കൂട്ട അവധിയില്‍ മാനദണ്ഡം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തിലാകും ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. കോന്നിയിലെ കൂട്ട അവധി വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്ക് മുതിരുന്നത്. ജീവനക്കാരുടെ കൂട്ട അവധിയെ വിമര്‍ശിച്ച് സിപിഎമ്മും എന്‍ജിഒ യൂണിയനും വിമര്‍ശിച്ചിരുന്നു. സംഭവത്തിൽ സി.പി.എം – സി.പി.ഐ. ഭിന്നത മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു.

Back to top button
error: