തിരുവനന്തപുരം: ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബി.ബി.സിയുടെ ഡോക്യുമെന്ററിയില്‍ ഭരണകൂടം പ്രകോപിതരായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
‘ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണ്. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയില്‍ ബി.ജെ.പി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പ് ബി.ബി.സിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്,’പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ മാധ്യമ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
‘മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാര്‍ഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളിലാണ് ചൊവ്വാഴ്ച ആദായനികുതി റെയ്ഡ് നടന്നത്. ചൊവ്വാഴ്ച രാവിലെ 11:30 ഓടെയാണ് മുംബൈയിലേയും ദല്‍ഹിയിലേയും ഓഫീസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥരെത്തിയത്. ഉദ്യോഗസ്ഥര്‍ ബി.ബി.സി ഓഫീസിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ള ജീവനക്കാരുടെ മൊബൈല്‍ ഫോണുകളടക്കം വാങ്ങിവെച്ചെന്ന പരാതിയുണ്ട്. പരിശോധന രണ്ട് മണിക്കൂറോളം പിന്നിട്ടു. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ദല്‍ഹി പൊലീസ് അകത്തും പുറത്തും സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
എന്നാല്‍, റെയ്ഡല്ല സര്‍വേ മാത്രമാണിപ്പോള്‍ നടക്കുന്നതെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുണ്ട്. നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക, ധന സമാഹരണവുമായി ബന്ധപ്പെട്ടും ബി.ബി.സിക്കെതിരെ പരാതിയുണ്ടായിരുന്നുവെന്ന് ആദായ നികുതി വകുപ്പിന്റെ വിശദീകരണത്തിലുണ്ട്.