IndiaNEWS

ഹനുമാൻ ചിത്രം എച്ച്.എ.എല്‍ സൂപ്പര്‍സോണിക് പോര്‍വിമാനത്തില്‍ നിന്ന് നീക്കി, നടപടി കടുത്ത വിമർശനത്തെ തുടർന്ന്

    ബെംഗ്ളുറൂ: ഹിന്ദുസ്താന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) എയര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്എല്‍എഫ്ടി-42 വിമാനത്തിന്റെ വാലില്‍ നിന്ന് ഹനുമാന്റെ ചിത്രം നീക്കം ചെയ്തു. വിമാനത്തില്‍ ഹനുമാന്‍ കൈയില്‍ ഗദയുമായി പറക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ, കൊടുങ്കാറ്റ് വരുന്നു (ദി സ്റ്റോം ഈസ് കമിംഗ്) എന്ന് വിമാനത്തില്‍ എഴുതിയിരുന്നു.

ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോര്‍വിമാനങ്ങളില്‍ ഹിന്ദു ദൈവത്തിന്റെ ചിത്രം അച്ചടിച്ചതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും ഇത് വഴിവെച്ചു. സൈനികരുടെ മനോവീര്യത്തെ ബാധിക്കുമെന്നതിനാല്‍ സായുധ സേനയ്ക്ക് മതപരമായ പ്രാതിനിധ്യം ഉണ്ടാകരുതെന്ന് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിവാദത്തെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഹിന്ദുസ്താന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ചിത്രം നീക്കം ചെയ്തത്.

Signature-ad

വിമാനത്തില്‍ ഹനുമാന്റെ ചിത്രം പതിപ്പിച്ചതിന് രണ്ട് കാരണങ്ങളാണ് കമ്പനി നല്‍കിയത്. ഈ വിമാനം ഹനുമാന്റെ ശക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് കമ്പനി പറഞ്ഞിരുന്നു. ഇതിനുപുറമെ, തങ്ങള്‍ ആദ്യത്തെ ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് നിര്‍മിച്ചപ്പോള്‍, അതിന്റെ പേര് മരുത് എന്നായിരുന്നുവെന്നും വിമാനത്തില്‍ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്തുകൊണ്ട് തങ്ങളുടെ പഴയ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്നുമായിരുന്നു കമ്പനി പറഞ്ഞത്.

സൂപ്പര്‍സോണിക് വിമാനമാണ് എച്ച്എല്‍എഫ്ടി. യുദ്ധവിമാന പൈലറ്റുമാരുടെ പരിശീലനത്തിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇത് രണ്ട് എന്‍ജിനുകളുള്ള ആദ്യ തദ്ദേശീയ പരിശീലന യുദ്ധവിമാനമാണ്.

Back to top button
error: