Movie

പ്രേംനസീറിന്റെ അഞ്ഞൂറാമത്തെ ചിത്രം ‘കരി പുരണ്ട ജീവിതങ്ങൾ’ തീയേറ്ററിലെത്തിയിട്ട് 43 വർഷം

സിനിമ ഓർമ്മ

പ്രേംനസീറും ജയനും മത്സരിച്ചഭിനയിച്ച ‘കരി പുരണ്ട ജീവിതങ്ങൾ’ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ട് ഇന്ന് 43 വർഷം. 1980 ഫെബ്രുവരി 15 നായിരുന്നു ശശികുമാർ സംവിധാനം ചെയ്‌ത, നസീറിന്റെ അഞ്ഞൂറാമത്തെ ചിത്രമെന്ന ഖ്യാതിയുള്ള ഈ ചിത്രം റിലീസ് ചെയ്‌തത്‌. ജയഭാരതി, സത്യകല, ജഗതി ശ്രീകുമാർ, ബാലൻ കെ നായർ എന്നിവരായിരുന്നു മറ്റ് താരങ്ങൾ. ശശികുമാറിന്റെ ‘കൽപ്പവൃക്ഷം’ എന്ന ചിത്രം നിർമ്മിച്ച ടി.കെ.കെ നമ്പ്യാർ ആണ് ‘കരി പുരണ്ട ജീവിതങ്ങ’ളും നിർമ്മിച്ചത്. പാപ്പനംകോട് ലക്ഷ്‌മണൻ തിരക്കഥ. ശശികുമാറിന്റെ ‘ഇത്തിക്കരപ്പക്കി’ എന്ന ചിത്രത്തിന്റേയും ഇതേ വർഷം തന്നെ (1980) ഇറങ്ങിയ ‘മൂർഖൻ,’ ‘ചന്ദ്രഹാസം,’ ‘മനുഷ്യമൃഗം’ എന്നീ ചിത്രങ്ങളുടെയും രചന പാപ്പനംകോടിന്റേതായിരുന്നു.

Signature-ad

റെയിൽവേയിൽ എഞ്ചിൻ ഡ്രൈവർമാരായ ബാലനും രാഘവനും (നസീർ, ജയൻ) സുഹൃത്തുക്കളാണ്. അനാഥനായ ബാലനെ എടുത്തു വളർത്തിയ ആളുടെ (ബാലൻ കെ നായർ) വീട്ടിലാണ് ബാലന്റെ താമസം. അയാളുടെ മകളുമായി (സത്യകല) ബാലൻ പ്രണയത്തിലുമാണ്. ഒരിക്കൽ സാവിത്രി എന്ന യുവതിയെ (ജയഭാരതി) കുഴപ്പക്കാരിൽ നിന്നും ബാലൻ രക്ഷിച്ച് കൊണ്ടുവന്നപ്പോൾ അതംഗീകരിക്കാൻ വളർത്തച്ഛന് കഴിഞ്ഞില്ല. ബാലൻ സാവിത്രിയുമൊത്ത് റെയിൽവേ ക്വർട്ടേഴ്‌സിൽ താമസിക്കുന്നു. അത് കണ്ട് ഞെട്ടുന്നത് സുഹൃത്ത് രാഘവനാണ്. കാരണം സാവിത്രി അയാളുടെ ഭാര്യയാണ്. വർഷങ്ങൾക്ക് മുൻപ് രാഘവൻ ഉപേക്ഷിച്ച ഭാര്യ.
ഒടുവിൽ കാര്യങ്ങൾ കലങ്ങിത്തെളിയുന്നു. ബാലന് കാമുകിയും രാഘവന് ഭാര്യയും സ്വന്തം. ‘കരി പുരണ്ട ജീവിതങ്ങൾ’ പൂവണിയുന്നു. എം.കെ അർജുനനായിരുന്നു സംഗീത സംവിധാനം. നടി സത്യകലയുടെയും നടൻ സി.ഐ പോളിന്റെയും ആദ്യചിത്രമാണിത്. തമ്പി കണ്ണന്താനം ഈ ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: