റിയാദ്: ഇലക്‌ട്രോണിക് ബില്ലിങ്ങ് സംവിധാനം രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങളും നടപ്പാക്കിയതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻജി. സുഹൈൽ ബിൻ മുഹമ്മദ് അബാനാമി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, നികുതി, കസ്റ്റംസ്’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അതോറിറ്റി സ്വന്തം സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മികച്ച രീതികളാണ് സ്വീകരിച്ചത്. അതിലേറ്റവും പ്രധാനം ഇലക്ട്രോണിക് ബില്ലിങ് പദ്ധതി നടപ്പാക്കലാണ്. രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക നവോത്ഥാനത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും വിപുലീകരണമായാണ് ഇത് വരുന്നത്.
ഈ പദ്ധതി ഒന്നും രണ്ടും ഘട്ടങ്ങളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ഇഷ്യൂറൻസ് ആൻഡ് പ്രിസർവേഷൻ ഫേസ് എന്നറിയപ്പെടുന്ന ആദ്യഘട്ടം നടപ്പാക്കാൻ 93 ശതമാനം സ്ഥാപനങ്ങളും സഹകരിച്ചു. ലിങ്കിങ് ആൻഡ് ഇന്റഗ്രേഷൻ ഘട്ടം എന്നറിയപ്പെടുന്ന ഇലക്ട്രോണിക് ബില്ലിങ്ങിന്റെ രണ്ടാം ഘട്ടം ഈ വർഷം ആദ്യത്തിലാണ് നടപ്പാക്കാൻ തുടങ്ങിയത്. 400 ലധികം സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ആദ്യ ഗ്രൂപ്പിൽ ഉൾപ്പെട്ട സ്ഥാപനങ്ങളെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
സ്ഥാപനങ്ങൾ ബില്ലിങ് പ്ലാറ്റ്‌ഫോമുമായി ഇലക്ട്രോണിക് ആയി പങ്കിട്ട ബില്ലുകളുടെ എണ്ണം നാല് കോടി കവിഞ്ഞിട്ടുണ്ട്. മികച്ച രീതികൾ പ്രയോഗിച്ചും മൂല്യങ്ങൾ ഏകീകരിക്കുന്നതിലൂടെയും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിൽ ആഗോള മാതൃകയാകാനുള്ള അതോറിറ്റിയുടെ കാഴ്ചപ്പാട് സ്ഥിരീകരിക്കുന്നതാണിതെന്നും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ പറഞ്ഞു.