കൊച്ചി: കാലടി മറ്റൂരില്‍ കുഞ്ഞിന് മരുന്നുവാങ്ങാന്‍ എത്തിയ കുടുംബത്തിന് പോലീസ് ഭീഷണി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാല്‍ കാര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പോലീസ് ഭീഷണിപ്പെടുത്തി. ഇത് ചോദ്യംചെയ്ത മെഡിക്കല്‍ഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിക്കും പോലീസ് ഉന്നതര്‍ക്കും പരാതി നല്‍കിയെന്ന് കുടുംബം പറഞ്ഞു.
കുഞ്ഞിന്റെ അമ്മയെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് പോലീസ് ഭീഷണിപ്പെടുത്തിയത്. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരുന്നു വാങ്ങാനായി വഴിയരികിലെ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ എസ്.ഐ എത്തി വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു. തുടര്‍ന്ന് കാര്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിട്ട ശേഷം കുഞ്ഞിനെയും എടുത്ത് കടയിലെത്തി മരുന്നു വാങ്ങുകയായിരുന്നു. മരുന്നു വാങ്ങി മടങ്ങുമ്പോള്‍ എസ്.ഐ വീണ്ടും തട്ടിക്കയറി. ഇതുകണ്ട് ചോദ്യം ചെയ്ത് കടയുടമയോടും എസ്ഐ തട്ടിക്കയറിയെന്ന് ഇവര്‍ പരാതിപ്പെടുന്നു.
കുഞ്ഞ് പനിച്ചുകിടക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ”നീ കൂടുതല്‍ ജാഡയൊന്നും എടുക്കേണ്ട” എന്നായിരുന്നത്രെ മറുപടി. കടയുടമ ചോദ്യംചെയ്തപ്പോള്‍ നിന്റെ കടയടപ്പിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി. എന്നാല്‍, ധൈര്യമുണ്ടെങ്കില്‍ അടപ്പിക്ക് എന്ന് കടയുടമയും വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ഒരു ഹാളില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനം നിര്‍ത്തിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി അതുവഴി കടന്നുപോകുന്നതിനാലാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. ഇത് നിരാകരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.