അടിമാലി: ആനക്കുളത്ത് പുഴയില്‍ പാറയുടെ ഗര്‍ത്തത്തിലെ വെള്ളത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം വല്യപാറക്കുട്ടിയിലാണ് പാറയുടെ ഗര്‍ത്തത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വല്യപാറക്കുട്ടിയില്‍ പുഴയോരത്ത് വനമേഖലയിലാണ് കൊമ്പനാനയുടെ ജഡം കണ്ടത്. പുഴയൊഴുകുന്ന ഈ ഭാഗം നിറയെ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമാണ്. പാറയില്‍ കിണറിന് സമാനമായ വിസ്താരമുള്ള ഗര്‍ത്തത്തില്‍ ആന അകപ്പെടുകയായിരുന്നു. കുഴിക്കുള്ളില്‍ വെള്ളം കെട്ടി കിടന്നിരുന്നു. കാല്‍വഴുതി വീണ ആനക്ക് പിന്നീട് തിരികെ കയറാന്‍ സാധിക്കാതെ വന്നതോടെ കുഴിക്കുള്ളില്‍ കുരുങ്ങുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് പ്രദേശവാസികള്‍ കുഴിയില്‍ അകപ്പെട്ട നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചു.
ചരിഞ്ഞ കൊമ്പനാനയെ കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷീണിതനായി പ്രദേശത്ത് കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കൂമ്പന്‍പാറ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നേതൃത്വത്തിലുള്ള സംഘം വല്യപാറക്കുട്ടിയിലെത്തി. ഗര്‍ത്തത്തില്‍ അകപ്പെട്ട കാട്ടാനയെ കയര്‍കെട്ടി ഉയര്‍ത്തി കരക്കെത്തിച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തീകരിച്ചു.
ആനക്കുളം, വല്യപാറക്കുട്ടി മേഖല സ്ഥിരമായി കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശമാണ്. വനത്തില്‍ നിന്ന് ജനവാസമേഖലകളിലേക്ക് പ്രവേശിക്കുന്ന കാട്ടാനകള്‍ പലപ്പോഴും നാശം വരുത്താറുണ്ട്. അതേസമയം ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ അപകടത്തില്‍പ്പെട്ട് കാട്ടാന ചരിയുന്ന രണ്ടാമത്തെ സംഭവമാണ് ആനക്കുളത്തേത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബീ.എല്‍ റാമില്‍ ഏലത്തോട്ടത്തിനുള്ളിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് നാട്ടുകാര്‍ സിഗരറ്റ് കൊമ്പനെന്ന് വിളിക്കുന്ന കാട്ടാന ചരിഞ്ഞിരുന്നു.