IndiaNEWS

സമ്പന്നതയുടെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ സമ്പാദ്യവും ബിസിനസും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു ​ഗുജറാത്തിലെ വ്യാപാരി കുടുംബം

ചിലർ തങ്ങളുടെ ഓരോ നേട്ടവും ആഘോഷിക്കും. കൂടുതൽ കൂടുതൽ നേട്ടങ്ങൾ ജീവിതത്തിലുണ്ടാക്കാൻ അത് ഊർജ്ജം പകരുമെന്നാണ് ഇത്തരമാളുകൾ മിക്കവാറും അവകാശപ്പെടുക. നേട്ടങ്ങൾക്കെല്ലാമൊടുവിൽ, വളർച്ചയുടെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ ജീവിതത്തിൻറെ ആഘോഷത്തോട് തന്നെ അപൂർവ്വം ചിലർക്ക് വിരക്തിയും തോന്നാം. അത്തരം അസാധാരണമായ കാര്യങ്ങൾക്ക് ഇന്ത്യൻ സമൂഹം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ഇന്ത്യയിൽ ഉടലെടുത്ത് ലോകമെങ്ങും വ്യാപിച്ച ബുദ്ധമതത്തിൻറെ സ്ഥാപകനായ ഗൗതമ ബുദ്ധൻ, തൻറെ രാജ്യം തന്നെ ഉപേക്ഷിച്ച് ഇറങ്ങിയ രാജ കുമാരനായിരുന്നുവല്ലോ.

ഇത്തരത്തിൽ സമ്പന്നതയുടെ ഉയരത്തിൽ നിൽക്കുമ്പോൾ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും തങ്ങളുടെ സമ്പാദ്യവും ബിസിനസും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ ഒരുങ്ങുകയാണ്. മറ്റെവിടെയുമല്ല, ഇന്ത്യയിൽ തന്നെ, അങ്ങ് ഗുജറാത്തിൽ. ഇവർ ജൈനമത വിശ്വാസികളാണ്. ഏതാണ്ട് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഉടലെടുത്ത മതമാണ് ജൈനമതം. ജൈനമത വിശ്വാസികളായ ഈ ഗുജറാത്തി കുടുംബം ദശലക്ഷക്കണക്കിന് മൂല്യമുള്ള തങ്ങളുടെ കുടുംബ ബിസിനസും സകല സമ്പാദ്യങ്ങളും ഉപേക്ഷിച്ചാണ് സന്യാസത്തിൻറെ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ ഭുജിൽ വഗഡ പ്രദേശത്തെ അജ്രാമർ വിഭാഗത്തിൽപ്പെട്ടവരാണ് ഈ കുടുംബാംഗങ്ങൾ.

Signature-ad

ബാഹ്യ സമ്പാദ്യങ്ങളിൽ നിന്നും വിമുക്തി നേടി സന്യാസത്തിൽ ആകൃഷ്ടരായി, അത്തരത്തിൽ ഒരു ജീവിതം സ്വീകരിക്കാൻ ആഗ്രഹിച്ച് കൊണ്ട് ദീക്ഷ സ്വീകരിക്കാൻ ഒരുങ്ങുന്നത് ഈ വ്യവസായ കുടുംബത്തിലെ നാല് അംഗങ്ങളാണ്. മുമുക്ഷ് പീയൂഷ് കാന്തിലാൽ മേത്ത, ഭാര്യ പുർവി ബെൻ, മകൻ മേഘ് കുമാർ, അനന്തരവൻ കൃഷ്ണ കുമാർ നികുഞ്ച് എന്നിവരാണ് ദീക്ഷ സ്വീകരിക്കാൻ ഒരുങ്ങുന്നത്. ശ്രീ കോടി സ്ഥാങ്കവാസി ജൈന സംഘത്തിന് കീഴിൽ ഔപചാരിക ഭഗവതി ദീക്ഷ എടുക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. ഇതിൻറെ ഭാഗമായി ഗുജറാത്തിലെ ടിൻ സിറ്റി ഗ്രൗണ്ടിൽ ഗംഭീരമായ ദീക്ഷ സ്വീകരിക്കൽ ചടങ്ങാണ് സംഘടിപ്പിക്കുന്നത്.

സന്യാസം സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ തങ്ങളുടെ മുഴുവൻ സ്വത്തു വകകളും സമ്പാദ്യങ്ങളും ദാനം ചെയ്യണം. പരമ്പരാഗത വസ്ത്ര വ്യാപാരിയായ മുമുക്ഷ് പീയൂഷ് കാന്തിലാൽ മേത്തയ്ക്ക് ഭുജിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മൊത്തവ്യാപാരം ഉണ്ട്. അദ്ദേഹത്തിൻറെ വാർഷിക വിറ്റുവരവ് ഒരു കോടിയോളം വരും. ഇതെല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം സന്യാസം സ്വീകരിക്കാൻ ഒരുങ്ങുന്നത്. പീയൂഷ് കാന്തിലാലിൻറെ ഭാര്യ പുർവി ബെന്നിനാണ് സന്യാസ ജീവിതത്തിലേക്ക് തിരിയണമെന്ന് തീവ്രമായ ആഗ്രഹം ആദ്യമുണ്ടായത്.

പിന്നീട് ഇവരുടെ പ്രേരണയാൽ ഭർത്താവും മകനും മരുമകനും സന്യാസം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു. ഒരു കുടുംബത്തിലെ നാലുപേർ ഒരുമിച്ച് ദീക്ഷ സ്വീകരിക്കാൻ ഒരുങ്ങുന്നത് പ്രദേശത്തെ ജൈനമത വിശ്വാസികൾ ഏറെ ആഘോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മുമ്പ് ഇവിടെ ഒരു കുടുംബത്തിലെ 19 പേർ ഒരുമിച്ച് ദീക്ഷ സ്വീകരിച്ചിരുന്നു. ദൂരദേശങ്ങളിൽ നിന്നുള്ള ജൈനമത വിശ്വാസികൾ ഈ ദീക്ഷാ ചടങ്ങിനായി ടിൻ സിറ്റി ഗ്രൗണ്ടിലേക്ക് എത്തിചേർന്നുവെന്നാണ് റിപ്പോർട്ട്.

Back to top button
error: