CrimeNEWS

അമ്മയുടെ ഓപ്പറേഷന് പണം സംഘടിപ്പിക്കാന്‍ പോയ യുവാവിനെ തല്ലിക്കൊന്നു

പട്‌ന: ബിഹാറില്‍ അമ്മയുടെ ഓപറേഷനായി പണം വാങ്ങാന്‍ പോയ 18 വയസുകാരനെ സുഹൃത്തുക്കള്‍ അടങ്ങുന്ന 20 അംഗ പലിശ സംഘം തല്ലിക്കൊന്നു. നളന്ദ ജില്ലയിലെ അന്ധാന മോറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ജലാല്‍പൂര്‍ ഗ്രാമവാസിയായ നിരഞ്ജന്‍ കുമാറാണ് കൊല്ലപ്പെട്ടത്.

സംഭവ ദിവസം രാത്രി സൂരജ് കുമാര്‍, ദിനേശ് കുമാര്‍ എന്നീ സുഹൃത്തുക്കള്‍ പലിശയ്ക്ക് പണം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് നിരഞ്ജനെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, തര്‍ക്കത്തിനിടെ അന്ധാനമോറിലെ പ്രഹ്ലാദ്പൂരില്‍ വച്ച് യുവാവിനെ സംഘം ക്രൂരമായി മര്‍ദിക്കുകയും വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുമായിരുന്നു.

Signature-ad

ഇതിനിടെ, പരുക്കേറ്റ് റോഡില്‍ കിടക്കുന്നതു കണ്ട യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം അടുത്തുള്ള ക്ലിനിക്കിലും പിന്നീട് ബിഹാര്‍ഷരീഫ് സദര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങി. പോലീസ് സ്റ്റേഷനില്‍ നിന്ന് 50 മീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് ആറ് പേര്‍ക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു.

നിരഞ്ജന്റെ അമ്മ ബിഹാര്‍ഷരീഫിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 11ന് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തീയതി നല്‍കിയിരുന്നു. അമ്മയുടെ ശസ്ത്രക്രിയയ്ക്കായി, പലിശയ്ക്ക് പണം വാങ്ങാനായാണ് യുവാവ് വീട്ടില്‍നിന്നു പോയത്. പലിശയെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. യുവാവിനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ സംഘം പ്രഹ്ലാദ്പൂരില്‍ നിന്ന് അന്ധാന മോറിലേക്ക് കൊണ്ടുവന്ന് ഉപേക്ഷിച്ച് രക്ഷപെടുകയുമായിരുന്നു എന്ന് ഗ്രാമവാസികള്‍ പറയുന്നു.

സംഭവത്തിനു പിന്നാലെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. അവര്‍ വ്യാഴാഴ്ച നൂര്‍സാരായ്- ദാനിയാവാന്‍ റോഡ് ഉപരോധിക്കുകയും ടയറുകളടക്കം കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഇതോടെ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ ഉടന്‍ പിടികൂടാമെന്ന് ഉറപ്പുനല്‍കുകയും കേസെടുത്ത് അന്വേഷണം നടത്തുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Back to top button
error: