IndiaNEWS

ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നൽകാൻ പോലീസിനോട് തമിഴ്നാട് ഹൈക്കോടതി; പ്രകോപനമുണ്ടാക്കരുതെന്ന് ആർ.എസ്.എസിനും നിർദ്ദേശം

ചെന്നൈ: തമിഴ്നാട്ടിലുടനീളം റൂട്ട് മാർച്ച് നടത്താൻ രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് പൊലീസിനോട് നിർദേശിച്ചു. റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നിർദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനും ആർഎസ്എസിനോടും കോടതി നിർദ്ദേശിച്ചു. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിർദേശിച്ചതോടൊപ്പം ആരെയും പ്രകോപിക്കാതെ മാർച്ച് സംഘടിപ്പിക്കാൻ ആർഎസ്എസിനോടും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നിഷേധിച്ച സിംഗിൾ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആർ മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കി. ആര്‍എസ്എസും ബിജെപിയും കോടതി വിധിയെ സ്വാഗതം ചെയ്തു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് നേതാക്കൾ പ്രതികരിച്ചു. അതേസമയം, ക്രമസമാധാന നില പാലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

”ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ആർഎസ്എസ് അപകടകരമായ സംഘടനയാണെന്ന് പറയുന്ന, പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവരുടെ പരാജയമാണിത്. ആർഎസ്എസിനെ നിയന്ത്രിക്കാനുള്ള ഡിഎംകെയുടെ പദ്ധതി ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുകയാണ്. ആർഎസ്എസ് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കില്ല. തമിഴ്നാട്ടിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും വളർച്ചയെ ഭയന്ന് സംഘടനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഡിഎംകെയാണ്. ഈ കോടതി വിധിയിൽ ഞങ്ങൾ സന്തുഷ്ടരാണ്,” ബിജെപി വക്താവ് നാരായണൻ തിരുപ്പതി പറഞ്ഞു. “ഇന്നത്തെ കോൺഗ്രസിന്റെ പ്രശ്നം അവർ മഹാത്മാഗാന്ധിയിൽ വിശ്വസിക്കുന്നില്ല, അവർ നെഹ്‌റുവിൽ വിശ്വസിക്കുന്നില്ല, അവർ ഇന്ദിരാഗാന്ധിയിൽ പോലും വിശ്വസിക്കുന്നില്ല എന്നതാണ്. ഗാന്ധി നമ്മുടെ ‘ശാഖ’ സന്ദർശിച്ചു, അദ്ദേഹം ആർഎസ്എസിനെ അഭിനന്ദിച്ചു. 1963ലെ റിപ്പബ്ലിക് ദിന പരേഡിന് നെഹ്‌റുജി ഞങ്ങളെ ക്ഷണിച്ചു. അവർക്ക് അവരുടെ ചരിത്രം അറിയില്ല. അവർക്ക് ആർഎസ്എസിനെക്കുറിച്ച് അറിയില്ല. സ്ഥാപിതമായതു മുതൽ രാജ്യത്തിനുവേണ്ടിയും രാജ്യത്തോടൊപ്പം ജനങ്ങൾക്കുവേണ്ടിയും ആർഎസ്എസ് പ്രവർത്തിക്കുന്നു. അടിസ്ഥാന യാഥാർത്ഥ്യം മനസ്സിലാക്കാത്തതിനാലും രാജ്യത്തിന്റെ ചരിത്രം പോലും അറിയാത്തതിനാലുമാണ് കോൺഗ്രസ് എല്ലായിടത്തും ശുഷ്കമാകുന്നത്”- ആർഎസ്എസ് അനുഭാവിയായ രാജീവ് തുലി പറഞ്ഞു.

  1. കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് ആർഎസ്‌എസ് സംസ്ഥാനത്തുടനീളം റൂട്ട് മാർച്ച് നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും സംസ്ഥാന പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ആർഎസ്എസ് കോടതി അലക്ഷ്യ ഹർജി നൽകി.നവംബർ 6 ന് 50 സ്ഥലങ്ങളിൽ 44 ഇടങ്ങളിലും മാർച്ച് നടത്താൻ കോടതി അനുമതി നൽകിയിരുന്നു, എന്നാൽ കെട്ടിടത്തിനകത്തോ സ്റ്റേഡിയത്തിനകത്തോ നടത്താമെന്ന് സിംഗിൾ ബെഞ്ച് വിധിച്ചു. ഇതിനെ തുടർന്നാണ് സിംഗിൾ ബെഞ്ച് വിധിക്കെതിരെ ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്.

Back to top button
error: