ചെന്നൈ: ആദായനികുതി ഉദ്യോഗസ്ഥചമഞ്ഞ് ലേഡീസ് ഹോസ്റ്റലില്‍നിന്ന് ലാപ്ടോപ്പും പണവുമായി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മധുരൈ സ്വദേശിനി രാമലക്ഷ്മി (31) ആണ് കോയമ്പത്തൂര്‍ ആര്‍.എസ്. പുരം പോലീസിന്റെ പിടിയിലായത്. ആഴ്ചകള്‍ക്കു മുമ്പ് ആര്‍.എസ്. പുരം രാഘവന്‍വീഥിയിലെ ലേഡീസ് ഹോസ്റ്റലില്‍ മുറിയന്വേഷിച്ച് ചെന്നതായിരുന്നു രാമലക്ഷ്മി.
ആദായനികുതി ഉദ്യോഗസ്ഥയാണെന്നും സിവില്‍സര്‍വീസ് പരിശീലനത്തിനായി കോയമ്പത്തൂരില്‍ എത്തിയതാണെന്നുമാണ് പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പിന്റെ ഐ.ഡി. കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും കാണിച്ചിരുന്നു. ഉദ്യോഗസ്ഥബന്ധംപറഞ്ഞ രാമലക്ഷ്മി സര്‍ക്കാര്‍ജോലി വാഗ്ദാനംചെയ്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു. രണ്ടുപേരില്‍നിന്ന് ലാപ്ടോപ്പുകളും 30,000 രൂപയും വാങ്ങിയശേഷം പിന്നീട് മടങ്ങിയെത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.
ഹോസ്റ്റല്‍വാര്‍ഡന്‍ കാര്‍ത്ത്യായനി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ കോയമ്പത്തൂരിലെ കൂട്ടുകാരിയുടെവീട്ടില്‍ തങ്ങിയിരുന്ന രാമലക്ഷ്മിയെ പോലീസ് അറസ്റ്റുചെയ്തു. ചോദ്യംചെയ്തതില്‍ ധര്‍മപുരി, മധുര, തിരുനെല്‍വേലി ജില്ലകളില്‍ വിവിധപേരുകളില്‍ തങ്ങി, വ്യാജവിലാസം നല്‍കി സ്ത്രീകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും പോലീസിനോട് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിന്‍മാന്‍ഡ് ചെയ്തു.