ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സഭാ നടപടികള്‍ ചിത്രീകരിച്ചതിന് കോണ്‍ഗ്രസ് എം.പി. രജനി അശോക് റാവു പാട്ടീലിനെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. രാജ്യസഭ ചെയര്മാന് ജഗ്ദീപ് ധന്‍കറാണ് രജനിയെ വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. പാര്‍ലമെന്റിലെ ബജറ്റ് സെഷനിടെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യം പകര്‍ത്തിയതിനെത്തുടര്‍ന്നാണ് നടപടി.
In public domain y'day, on Twitter,there was dissemination of a video relating to proceedings of this House. I took a serious view of it&did all that was required. As a matter of principle&to keep sanctity of Parliament,no outside agency's involvement could be sought: RS Chairman pic.twitter.com/LMYrEJLHZ6
— ANI (@ANI) February 10, 2023
നന്ദിപ്രമേയത്തിന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിക്കുന്ന ദൃശ്യം പകര്‍ത്തി രജനി പാട്ടീല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അച്ചടക്ക നടപടി. മനഃപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലാത്ത തനിക്കെതിരേ കടുത്ത നടപടിയെടുക്കുന്നത് അന്യായമാണെന്ന് സംഭവത്തില്‍ രജനി പ്രതികരിച്ചു.
ട്വിറ്ററില്‍ പ്രചരിച്ച സഭാ നടപടികളുമായി ബന്ധപ്പെട്ട വീഡിയോ പകര്‍ത്തിയത് അനാരോഗ്യകരമായ പ്രവര്‍ത്തിയായിപ്പോയെന്ന് രജനിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചു. സംഭവത്തില്‍ പാര്‍ലമെന്ററി പ്രിവിലേജസ് കമ്മിറ്റി അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സസ്പെന്ഷന് തുടരുമെന്നും ധന്‍കര്‍ പറഞ്ഞു.