ന്യൂഡല്‍ഹി: ‘വരാഹരൂപം’ എന്ന ഗാനം ഉള്‍പ്പെടുത്തി ‘കാന്താര’ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ. അതേസമയം, പകര്‍പ്പവാകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസില്‍ പ്രതികളായ കാന്താര സിനിമയുടെ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍ സംവിധായകന് ഋഷഭ് ഷെട്ടി എന്നിവര്‍ക്ക് എതിരായ അന്വേഷണം തുടരാന്‍ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഫെബ്രുവരി ഹാജരാക്കുക ഫെബ്രുവരി 12, 13 തീയതികളില്‍ ആണെങ്കില്‍ അറസ്റ്റ് ചെയ്ത് ഉടന്‍ ജാമ്യത്തില്‍ വിടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പകര്‍പ്പവകാശം ലംഘിച്ചാണ് പാട്ടുപയോഗിച്ചതെന്ന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വ്യവസ്ഥകളിലാണ് ‘വരാഹരൂപം’ എന്ന പാട്ടുള്‍പ്പെടുത്തിയുള്ള സിനിമയുടെ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞത്. ഇതിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.
പകര്‍പ്പവകാശം സംബന്ധിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ വിധിച്ച ഹൈക്കോടതി നടപടിയെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. മാതൃഭൂമി മ്യൂസിക്കിനുവേണ്ടി തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പാണ് ‘വരാഹരൂപം’ എന്ന ഗാനം എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പകര്‍പ്പവകാശം ലംഘിച്ചതിനെതിരേ ഫയല്‍ ചെയ്ത ഹര്‍ജികളില്‍ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവോ ഉണ്ടാകുന്നതുവരെയാണ് വരാഹരൂപം എന്ന പാട്ടുള്‍പ്പെടുത്തി സിനിമ പ്രദര്‍ശി പ്പിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നത്.