കൊച്ചി: കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഏലൂരിലെ പ്രധാന വെയര്‍ഹൗസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലുറച്ച് വിആര്‍എല്‍ ലോജിസ്റ്റിക്സ്. വാടകയ്ക്ക് പ്രവര്‍ത്തിച്ച ഗോഡൗണ്‍ കെട്ടിടം ഈ മാസം അവസാനം ഒഴിയും. യൂണിയനുകള്‍ ആവശ്യപ്പെടുന്ന കൂലി നിരക്ക് തള്ളിയും, ഇനിയൊരു ചര്‍ച്ചക്ക് സന്നദ്ധമല്ലെന്നും അറിയിച്ചാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ലോജിസ്റ്റിക്സ് സ്ഥാപനങ്ങളിലൊന്നാണ് വിആര്‍എല്‍
ഇരുപത്തിരണ്ട് വര്‍ഷമായി ഏലൂരില്‍ പ്രവര്‍ത്തിച്ച വിആര്‍എല്‍ ലോജിസ്റ്റിക്സ് യൂണിയനുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാനില്ലെന്ന് വ്യക്തമാക്കിയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടാന്‍ ജനുവരി ആദ്യവാരം എടുത്ത തീരുമാനത്തില്‍ ഉറച്ച് നിന്നാണ് ഒടുവില്‍ ട്രാന്‍ഷിപ്പ്മെന്റ് ഗോഡൗണും ഒഴിയുന്നത്. 55,000 സ്ക്വയര്‍ ഫീറ്റ് ഗോഡൗണില്‍ നിന്നും യന്ത്രങ്ങളും മറ്റ് സാമഗ്രികളും മാറ്റി. ഗേറ്റ് അടച്ച് താഴിട്ടു. ഈ മാസം അവസാനം ഗോഡൗണ്‍, കെട്ടിട ഉടമക്ക് മടക്കി നല്‍കും. ഐഎന്‍ടിയുസിക്ക് അപ്രമാദിത്തമുണ്ടായിരുന്ന ഗോഡൗണില്‍ സിഐടിയു യൂണിയന് രൂപീകരിച്ചതോടെയാണ് കയറ്റിറക്ക് കൂലിയില്‍ വലിയ വര്‍ദ്ധന ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഡിസംബറില്‍ കരാര്‍ അവസാനിച്ചതോടെ പുതിയ കരാറില്‍ ടണ്ണിന് കൂലി 140 രൂപയില്‍ നിന്നും 300 ആയി ഉയര്‍ത്തണമെന്ന് നോട്ടീസും നല്കി. കൊച്ചിയിലെ മറ്റ് ഗോഡൗണുകളിലെ കൂലിയാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് സിഐടിയു വിശദീകരണം. 160 വരെ നല്കാന് മാനെജ്മെന്റ് സന്നദ്ധമായിരുന്നു. പക്ഷേ സിഐടിയും ഒടുവില്‍ 200 ലും ഐഎന്ടിയും 180 ലും ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെയാണ് വിആഎല്‍ മാനെജ്മെന്റ് പൂട്ടാന്‍ താക്കോലെടുത്തത്. പിന്നീട് ചര്‍ച്ചകള്‍ പോലും നടന്നില്ല
വ്യാവസായിക സൗഹാര്‍ദ്ദ അന്തരീക്ഷമെന്ന സര്‍ക്കാര്‍ അവകാശവാദങ്ങള്‍ക്കിടെയാണ് വ്യവസായ മന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനം ഗോഡൗണ്‍ ഒഴിയുന്നത്. വിആര്‍എല്ലിനെ പിടിച്ചു നിര്‍ത്താന്‍ പല കോണുകളില്‍ നിന്നും ശ്രമം നടന്നെങ്കിലും മാനെജ്മെന്റ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. 64 കയറ്റിറക്ക് തൊഴിലാളികളും 48 ഓഫീസ് സ്റ്റാഫുകളും, 28 ഡ്രൈവര്‍മാരുമാണ് ഏലൂരിലെ ഗോഡൗണില്‍ ജോലിയെടുത്തിരുന്നത്. കൊച്ചിയിലെ ഗോഡൗണ്‍ ഒഴിഞ്ഞെങ്കിലും കേരളത്തിലെ മറ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം തുടരുമെന്ന് വിആര്‍എല്‍ വ്യക്തമാക്കി.