കോഴിക്കോട്: സിന്തറ്റിക് മയക്കുമരുന്ന് നല്കി മയക്കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28) കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് പൊലീസ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്സിന് (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു.
ഇതരസംസ്ഥാനങ്ങളിലും വിവിധ സ്ഥലങ്ങളിലുമായി മാറി ഒളിവില്‍ കഴിഞ്ഞ ഇയാള്‍ അടുത്തിടെ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ എത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മഞ്ചേരി പൊലീസ് പഴയങ്ങാടിയില്‍ താമസസ്ഥലം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.