KeralaNEWS

കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം നേരില്‍ കണ്ട ഷെസീന ജീവനൊടുക്കി, മരണം ആത്മഹത്യയല്ല സിപിഎം നടത്തിയ കൊലപാതകമെന്ന് ബിജെപി

  പാനൂർ കൂരാറയിൽ ഷെസിന (34) കഴിഞ്ഞദിവസം ജീവനൊടുക്കി. കെ.ടി.ജയകൃഷ്ണൻ വധത്തിനു സാക്ഷിയാകേണ്ടി വന്നതിന്റെ പേടിപ്പെടുത്തുന്ന ഓർമകളാണത്രേ ജീവിതം ഹോമിക്കാൻ ഷെസിനയെ പ്രേരിപ്പിച്ചത്.

മൊകേരി ഈസ്റ്റ് യുപി സ്കൂളിലെ ആറ് ബി ക്ലാസ് മുറിയിൽ കയറി 1999 ഡിസംബർ1ന് അക്രമിസംഘം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ, ആദ്യ ബെഞ്ചിലിരിക്കുകയായിരുന്നു ഷെസിന. ആ നാളുകളെ പറ്റി ബന്ധുക്കൾ പറയുന്നതിങ്ങനെ: ‘ഷെസിനയുടെ യൂണിഫോമിലും പുസ്തകത്തിലും ചോരത്തുള്ളികൾ തെറിച്ചു വീണിരുന്നു. നിലവിളിയുമായി അന്നു വീട്ടിലേക്ക് ഓടിക്കയറിയതാണവൾ. വീട്ടിൽ നിന്നു മാത്രമല്ല, പേടിപ്പെടുത്തുന്ന ഓർമകളിൽ നിന്നും പുറത്തിറങ്ങാൻ ഏറെക്കാലമെടുത്തു. പിന്നീട്, സ്കൂളിൽ പോയതേയില്ല.

Signature-ad

രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്തെങ്കിലും പഠനം തുടരാൻ സാധിച്ചില്ല. ആൾക്കൂട്ടം കാണുമ്പോഴുള്ള ഭയമായിരുന്നു. ആംബുലൻസിന്റെ ശബ്ദം സഹിക്കാനാവില്ല. ഉത്സവപ്പറമ്പുകളിലോ കല്യാണ വീട്ടിലോ പോവില്ല. തുടർച്ചയായ കൗൺസലിങ്ങിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാൻ ശ്രമിച്ചു. പ്രൈവറ്റായാണ് എസ്എസ്എൽസി പാസായത്. ബിരുദത്തിനു ശേഷം കംപ്യൂട്ടർ പരിശീലനം നേടി. വിവാഹത്തിനു നിർബന്ധിച്ചെങ്കിലും സമ്മതിച്ചില്ല. പ്രിയപ്പെട്ട അധ്യാപകന്റെ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് ഷെസിന ഒരിക്കലും മുക്തയായിരുന്നില്ല.’

മരണത്തിന് കീഴടങ്ങിയ ഷെസീനയുടെത് ആത്മഹത്യയല്ലെന്നും സര്‍ക്കാരൂം സിപിഎം മേലാളന്‍മാരും ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്  ആരോപിച്ചു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷൻ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം നേരില്‍ കണ്ട ഷെസീന അവസാന നാള്‍ വരെ അതിന്റെ ആഘാതത്തില്‍ നിന്ന് മുക്തയായിരുന്നില്ല. ഇത്തരത്തില്‍ മാനസികമായി തകര്‍ന്ന 16 പേര്‍ കൂടി പൊതു സമൂഹത്തിലുണ്ട്.

ശത്രു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ പോലും ആശുപത്രികളും സ്‌കൂളുകളും അക്രമിക്കുന്ന പതിവില്ല. എന്നാല്‍ ദാഇശ് തീവ്രവാദികളെ പോലും നാണിപ്പിക്കുന്ന തീവ്രവാദമുഖമായ സിപിഎം സംഘം ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയത് ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടാണ്. അന്ന് ജീവിതം താളം തെറ്റിയവരാണ് ഷെസീനയുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍. എന്നാല്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലെ ഭീഷണിക്കകത്ത് ജീവിക്കുന്നവര്‍ ഇത്തരത്തിലുള്ള മാനസികാഘാതത്തിന് കാരണക്കാരായ സിപിഎംനെതിരെ പരസ്യമായി സംസാരിക്കാന്‍ തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള മന:സാക്ഷി മരവിച്ച് പോകുന്ന കൊടും ക്രൂരത പുറം ലോകമറിയാതെ പോയത്. സിപിഎം സംഘം കൊലപ്പെടുത്തിയത് ഒരു ജയകൃഷ്ണന്‍ മാസ്റ്ററെ മാത്രമല്ലെന്നും അന്ന് ക്ലാസ് മുറിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കൂടിയായിരുന്നുവെന്നും ഹരിദാസ് പറഞ്ഞു.

ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ പ്രതികള്‍ ഇപ്പോഴും സമൂഹത്തില്‍ മാന്യന്‍മാരായി ജീവിക്കുകയാണ്. അവരെ കൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ കേസില്‍ തുടരന്വേഷണം നടത്തണം. കേസന്വേഷണം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചുവെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നതാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ രജീഷ് പൊലീസിന് നല്‍കിയ വെളിപ്പെടുത്തലില്‍ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായതാണ്. എന്നാല്‍ മാറിമാറി വന്ന ഇടത് വലത് സര്‍കാരുകള്‍ കേസില്‍ ഒളിച്ച് കളി നടത്തുകയായിരുന്നു. കേസിന്റെ തുടരന്വേഷണത്തിനായി നിയമപോരാട്ടം നടത്തുമെന്നും ഹരിദാസ് പറഞ്ഞു.

Back to top button
error: