പത്തനംതിട്ട: കാണാതായ യുവാവിനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നു ദിവസം മുമ്പ് കാണാതായ കലഞ്ഞൂർ സ്വദേശി അനന്തുവിന്റെ മൃതദേഹമാണ് കല്ലട കനാലിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ മുഖത്തും തലയ്ക്ക് പിന്നിലും പരിക്കുകളുണ്ട്. തലയ്ക്ക് പിന്നിൽ വെട്ടേറ്റ പാടുകളാണെന്നാണ് സംശയിക്കപ്പെടുന്നത്.
മൃതദേഹം കണ്ടെത്തിയ കനാലിന് സമീപത്തെ പറമ്പിൽ രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. സംഘട്ടനത്തിന് പിന്നാലെ മർദ്ദിച്ചു കൊലപ്പെടുത്തിയതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് അനന്തുവിനെ കാണാതാകുന്നത്. ഇന്നു രാവിലെ പത്തുമണിയോടെ കനാലിൽ കടുത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തുന്നത്.
ഞായറാഴ്ച രാത്രി മുതൽ അനന്തുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് 28കാരനായ അനന്തുവിന്റെ മൃതശരീരം കണ്ടെത്തുന്നത്. അനന്തുവിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ആർക്കെങ്കിലും അനന്തുവുമായി ശത്രുതയുണ്ടായിരുന്നോ ആരിൽനിന്നെങ്കിലും ഭീഷണി ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.