IndiaKeralaNEWS

അ‌ഭയാ കേസിൽ നിർണായക വിധിയുമായി ​ഡൽഹി ​ഹൈക്കോടതി; സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാവിരുദ്ധം, സി.ബി.ഐക്കെതിരേ നിയമനടപടി സ്വീകരിക്കാമെന്നും കോടതി

ന്യൂഡൽഹി: അ‌ഭയാ കേസിൽ നിർണായക വിധിയുമായി ഡൽഹി ​ഹൈക്കോടതി. സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ വിധിച്ചു. പരിശോധന നടത്തിയ സിബിഐക്കെതിരെ സിസ്റ്റർ സെഫിക്കു നിയമ നടപടികളുമായി മുന്നോട്ടുപോവാമെന്നും കോടതി പറഞ്ഞു.
കേസിൽ പ്രതിയായാലും അല്ലെങ്കിലും കസ്റ്റഡിയിൽ ഉള്ള ഒരു സ്ത്രീയുടെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ അടിസ്ഥാന അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സിസ്റ്റർ സെഫിയുടെ ഹർജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി.

ജുഡീഷ്യൽ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ ഉള്ള വനിതാ തടവുകാരിയുടെ കന്യകാത്വ പരിശോധന നടത്തുന്നതു ഭരണഘടനാ വിരുദ്ധമാണ്. അതു ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നു കോടതി പറഞ്ഞു. ക്രിമിനൽ കേസ് പ്രതിയാണെന്നു കരുതി കന്യകാത്വ പരിശോധന നടത്താനാവില്ല. ഇരയാണോ പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധനയ്ക്കു ന്യായീകരണമല്ലെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമ ചൂണ്ടിക്കാട്ടി. ഇത്തരം പരിശോധനകൾ സംബന്ധിച്ച് ഉദ്യോഗസ്ഥർക്കു ബോധവത്കരണം നടത്താനും 2009ൽ സിസ്റ്റർ സെഫി നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടു സിബിഐക്കു കോടതി നിർദേശം നൽകി.
തന്റെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്നും അതിന്റെ റിപ്പോർട്ട് പുറത്തുവിട്ടെന്നും സിസ്റ്റർ സെഫി കോടതിയെ അറിയിച്ചിരുന്നു. കന്യാചർമം വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയെന്ന തെറ്റായ കഥ സിബിഐ പ്രചരിപ്പിച്ചെന്നും അവർ പറഞ്ഞു. കന്യകാത്വ പരിശോധനയ്ക്ക് എതിരെ നൽകിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മിഷൻ തള്ളിയിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് സിസ്റ്റർ സെഫി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

Back to top button
error: