തിരുവനന്തപുരം: ബജറ്റ് നിർദേശങ്ങൾക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ധന സെസില്‍ പിന്നോട്ട് പോകില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ധന സെസ് കുറച്ചാല്‍ അത് യുഡിഎഫിന് നേട്ടമാകുമെന്ന് യോഗത്തില്‍ എല്‍ഡിഎഫ് നേതാക്കളും അഭിപ്രായപ്പെട്ടതായാണു വിവരം.
അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റിലേക്കും ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നാല് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഷാഫി പറമ്പില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്നാടന്, നജീബ് കാന്തപുരം എന്നിവരാണ് നിരാഹാരമിരിക്കുന്നത്.