KeralaNEWS

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍, ന്യൂമോണിയ ഭേദമായ ശേഷം തുടര്‍ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ടുപോകും

തിരുവനന്തപുരം: പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസകോശസംബന്ധമായ ഇന്‍ഫെക്ഷനാണ് അദ്ദേഹത്തിനുളളത്. ആന്റിബയോട്ടിക്ക് നൽകാൻ തുടങ്ങിയതായും ശ്വാസംമുട്ട് കുറഞ്ഞതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂമോണിയ ഭേദമായ ശേഷം തുടര്‍ചികിത്സയ്ക്കായി ബംഗളരുവിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും മന്ത്രി കണ്ടു. ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്കുശേഷം ബംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മന്‍ചാണ്ടി. തുടര്‍പരിശോധനയ്ക്ക് ബംഗളൂരുവിലേക്ക് പോകാനിരിക്കേയാണ് പനി ബാധിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യത്തിലും ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റേയും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

Signature-ad

ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ്മന്‍ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോട് ഫോണില്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Back to top button
error: