ന്യൂഡല്‍ഹി: മേയറെ തെരഞ്ഞെടുക്കാതെ ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് യോഗം വീണ്ടും പിരിഞ്ഞു. നാമനിര്‍ദേശം ചെയ്യപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയതാണ് വിവാദമായത്. ഈ തീരുമാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇന്നലെ മേയര്‍ തെരഞ്ഞെടുപ്പ് നടത്താനാകാതെ ഡല്‍ഹി മുനിസിപ്പല്‍ ഹൗസ് പിരിഞ്ഞത്. അതിനിടെ, നാമനിര്‍ദേശം ചെയ്തവര്‍ക്കു വോട്ടവകാശം നല്കിയ ബി.ജെ.പി. തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി. കോടതിയുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എ.എ.പിയുടെ ആവശ്യം.
1957 ലെ ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് നിയമമനുസരിച്ച് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍, നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ യോഗ്യരാണെന്നു പ്രിെസെഡിങ് ഓഫീസര്‍ സത്യ ശര്‍മ ഇന്നലെ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. ഇതിനു പിന്നാലെയാണ് ബഹളമുണ്ടായത്. തുടര്‍ന്ന് ഇത്തരമൊരു അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നും കൗണ്‍സില്‍യോഗം മാറ്റിവച്ചതായും പ്രിെസെഡിങ് ഓഫീസര്‍ സത്യ ശര്‍മ അറിയിക്കുകയായിരുന്നു.
ഒരു മാസത്തിനിടെ മൂന്നാം തവണയാണു മേയറെ തിരഞ്ഞെടുക്കാതെ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് സഭ പിരിയുന്നത്. ജനുവരി ആറിനും 24നും സഭ ചേര്‍ന്നെങ്കിലും എ.എ.പി-ബി.ജെ.പി. അംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മൂലം മേയര്‍ തെരഞ്ഞെടുപ്പ് പ്രിെസെഡിങ് ഓഫീസര്‍ മാറ്റിവയ്ക്കുകയായിരുന്നു.
നിയമമനുസരിച്ച്, പൊതുപ്രാധാന്യമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സഭയെ സഹായിക്കാന്‍ 25 വയസിനു മുകളിലുള്ള 10 പേരെ കോര്‍പ്പറേഷനിലേക്കു ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു നാമനിര്‍ദേശം ചെയ്യാം. കോര്‍പറേഷനെ നിയന്ത്രിക്കുന്നത് ആരെന്നു നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന 10 ബി.ജെ.പി. അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതിലൂടെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചതായും എ.എ.പി. ആരോപിച്ചു.
കഴിഞ്ഞ ഡിസംബറില്‍ നടന്ന കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി വന്‍വിജയം നേടിയിരുന്നു. 250 അംഗ സഭയില്‍ 125 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എന്നാല്‍, എ.എ.പിക്കു 134 സീറ്റ് ലഭിച്ചു. ബി.ജെ.പിക്കു 103 സീറ്റാണു നേടാനായത്. ഒരു സ്വതന്ത്രന്റെ പിന്തുണയും ബി.ജെ.പിക്കുണ്ട്. കോണ്‍ഗ്രസിന് ഒന്‍പത് അംഗങ്ങളാണുള്ളത്.
മേയര്‍ തെരഞ്ഞെടുപ്പില്‍ 14 നോമിനേറ്റഡ് എം.എല്‍.എമാര്‍ക്കും ഏഴ് ലോക്സഭാ എം.പിമാര്‍ക്കും മൂന്നു രാജ്യസഭാ എം.പിമാര്‍ക്കും വോട്ടവകാശമുണ്ട്. ഈ നോമിനേറ്റഡ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും രാജ്യസഭാ എം.പിമാരും ആം ആദ്മി പാര്‍ട്ടിയില്‍നിന്നാണ്. എന്നാല്‍ ലോക്സഭാ എം.പിമാര്‍ എല്ലാം ബി.ജെ.പിക്കാരാണ്. ഇതിനു പുറമേയാണു ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമര്‍നിര്‍ദേശം ചെയ്ത ബി.ജെ.പിക്കാരായ 10 അംഗങ്ങള്‍ക്കു കൂടി വോട്ടവകാശം ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കുറുക്കുവഴിയിയൂടെ മേയര്‍ സ്ഥാനം പിടിച്ചെടുക്കാനാണു ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ശ്രമമെന്നാണ് ആരോപണം.