അഹമ്മദാബാദ്: കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കുള്ള ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ വീണ്ടും ഭാരത് യാത്ര നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍നിന്ന് അസമിലേക്കായിരിക്കും രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര നടത്തുന്നത്. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍നിന്നായിരിക്കും യാത്ര തുടങ്ങുകയെന്നും ഗുജറാത്ത് കോണ്‍ഗ്രസ്‌വൃത്തങ്ങള്‍ വ്യക്തമാക്കി. ഈമാസം റായ്പുരില്‍ ചേരുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. യാത്ര എന്നു തുടങ്ങുമെന്നതിനെക്കുറിച്ചും ധാരണയായിട്ടില്ല. മണ്‍സൂണ്‍ സീസണിനുശേഷമോ ഈ വര്‍ഷാവസാനമോ യാത്ര നടത്താനാണ് ആലോചനയെന്നാണു സൂചന.
”കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കു കാല്‍നടയായി രാഹുല്‍ ഗാന്ധി നടത്തിയ യാത്രയ്ക്ക് അഭൂതപൂര്‍വമായ പ്രതികരണമാണ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നു ലഭിച്ചത്. വിലക്കയറ്റം, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ പാര്‍ട്ടി വിജയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ജാഥയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും”- ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഗുജറാത്തിലുടനീളം കോണ്‍ഗ്രസ് ജാഥകള്‍ സംഘടിപ്പിക്കുന്നുണ്ട്.