തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. എങ്ങും വാശിയേറിയ പ്രചരണവും, തന്ത്രങ്ങളും മെനയുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത് മത്സരരംഗത്തേക്ക് ഈ വര്‍ഷം കടന്നു വന്ന വനിതാ സ്ഥാനാര്‍ത്ഥികളെയാണ്. പണ്ട് ഒരു പെണ്‍കുട്ടിയെ മത്സരിപ്പിക്കാന്‍ സമ്മതിപ്പിക്കുക എന്നതുതന്നെ ദുര്‍ഘടമായിരുന്ന കാലത്ത് നിന്നും ഇന്ന് നേര്‍ക്ക് നേര് പോരാടാന്‍ സ്ത്രീകള്‍ എത്തുന്നുവെന്നത് അങ്ങേയറ്റം കൗതുകവും പ്രതീക്ഷയുമാണ്. പലയിടത്തും സ്ത്രീകള്‍ സ്വതന്ത്രരായി മത്സരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്നതും, സോഷ്യല്‍ മീഡിയയിലെ താരമാകുന്നതും പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് വിബിത ബാബുവാണ്. മുണ്ടുടത്ത് നല്ല ഫാഷനില്‍ വോട്ട് ചോദിക്കുന്ന വിബിതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ഒരു കൂട്ടര് ഒരു സ്ഥാനാര്‍ത്ഥിക്ക് യോജിച്ച വേഷമല്ലിതെന്ന് പറയുമ്പോഴും സ്ഥാനാര്‍ത്ഥി ആയതുകൊണ്ട് നല്ല വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നാണ് വിബിതയുടെ പക്ഷം. പുതിയ കാലത്ത് മത്സരിക്കുമ്പോള്‍ നമ്മള് മാറ്റങ്ങളെ ഉള്‍ക്കൊള്ളണമെന്നും വിബിത പറയുന്നു.
വിബിതയെപ്പോലെ തന്നെ കേരളമൊട്ടാകെ പല സ്ഥാനാര്‍ത്ഥികളും കൈയ്യടി നേടുന്നുണ്ട്. എങ്കിലും കൂട്ടത്തില്‍ ഏറ്റവും കൈയ്യടി നേടുന്നത് വിബിത തന്നെയാണ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും ബിരുദമെടുത്ത വിബിത ഇപ്പോള്‍ തിരുവല്ലയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാന്ങ്ങളിലൂടെയാണ് വിബിത സംഘടന രംഗത്തേക്ക് കടന്നു വന്നത്. കോളജ് വിദ്യാഭ്യാസ കാലത്ത് കെ.എസ്.യു വിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. നിയമസഹായ ക്ലാസ്സുകളിലും സജീവമാണ് വിബിത.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സ്ത്രീ പ്രാതിനിധ്യമാണ്. ഈ തവണ മത്സരരംഗത്തേക്ക് കടന്നു വന്നിരിക്കുന്നവരില്‍ ഭൂരിഭാഗം പേരും ചെറുപ്പക്കാരികളായ വിദ്യാസമ്പന്നരാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. പൊതുവേ മത്സരരംഗത്തേക്ക് പുതുതലമുറയിലെ ആളുകള്‍ കടന്നു വന്നത് ഏറെ പ്രതീക്ഷയോടെ വേണം നോക്കിക്കാണാന്‍. സോഷ്യല്‍ മീഡിയയില്‍ കിട്ടുന്ന ലൈക്കുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടായി മാറുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.