കൊച്ചി: സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന സഹകരണ ബാങ്ക് ജീവനക്കാർക്ക് നൽകാനുള്ള ഇൻസന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ എ.ഐ.ടി.യു.സി. നേതൃത്വത്തിലുള്ള കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചു. മുൻ കാല പ്രാബല്യത്തോടെ ഇൻസന്റീവ് വെട്ടിക്കുറച്ചത് ജനാധിപത്യ വിരുദ്ധവും തൊഴിലാളി ദ്രോഹകരവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കെ സി ഇ സി സംസ്ഥാന കമ്മറ്റി അഡ്വ. സന്തോഷ് പീറ്റർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് വിശദമായ റിപ്പോർട്ടും തേടി.
2016 മുതലാണ് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയുള്ളവർക്ക് വീടുകളിൽ പെൻഷൻ എത്തിച്ച് നൽകുന്ന പദ്ധതിക്ക് കേരളത്തിൽ തുടക്കം കുറിച്ചത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാരെയും അപ്രൈസർമാരെയുമാണ് പെൻഷൻ വിതരണത്തിനായി ചുമതലപ്പെടുത്തിയത്. ഇതിനായി അമ്പത് രൂപ പ്രകാരം ബാങ്കുകൾക്ക് ഇൻസന്റീവും പ്രഖ്യാപിച്ചിരുന്നു. ഇതിൽ 40 രൂപ വിതരണക്കാർക്കും 10 രൂപ ബാങ്കിനും എന്ന നിലയിലാണ് ഇൻസന്റീവ് അനുവദിച്ചിരുന്നത്. 2021 നവംബർ മാസം മുതൽ ഈ തുകയും കുടിശികയാണ്. ഈ തുകയാണ് 30 രൂപയായി മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച് ഉത്തരവിറക്കിയത്.
കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിന് സംസ്ഥാന സഹകരണ, ധനകാര്യ വകുപ്പ് മന്ത്രിമാർ ജീവനക്കാരുടെ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ, കുടിശിക തുക ഉടൻ അനുവദിക്കും എന്ന് ഉറപ്പും നൽകിയിരുന്നതാണ്. എന്നാൽ 2021 നവംബർ മുതൽ മുൻ കാല പ്രാബല്യത്തോടെ ഇൻസന്റീവ് തുക വെട്ടിക്കുറച്ചുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചത്. സഹകരണ ജീവനക്കാർ വഴി കുറ്റമറ്റ രീതിയിൽ വിതരണം നടത്തിവരുന്ന പെൻഷൻ പദ്ധതി അവതാളത്തിലാക്കുന്നതിനേ ഈ തീരുമാനം ഉപകരിക്കൂ എന്ന് കെ.സി.ഇ.സി സംസ്ഥാന പ്രസിഡന്റ് വി എം. അനിൽ ജനറൽ സെക്രട്ടറി വിത്സൻ ആന്റണി എന്നിവർ കുറ്റപ്പെടുത്തി.