CrimeNEWS

ദുരൂഹ സാഹചര്യത്തിൽ റോഡരികിൽ സ്വകാര്യ ബസ് കണ്ടക്ടറുടെ മൃതദേഹം; അപകടരംഗം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം

തൊടുപുഴ: ദുരൂഹ സാഹചര്യത്തില്‍ പാതയോരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അപകടരംഗം പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. ഉടുമ്പന്നൂര്‍ മലയിഞ്ചി സ്വദേശിയും ബസ് കണ്ടക്ടറുമായിരുന്ന പുതുമനയില്‍ റോബിന്‍ ജോയി (29) യെയാണ് ദുരൂഹ സാഹചര്യത്തില്‍ റോഡിരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ജനുവരി 10ന് പുലര്‍ച്ചെ ഉടുമ്പന്നൂര്‍ ഇടമറുക് മഞ്ചിക്കല്ല് റോഡില്‍ പഴയ ചെരിപ്പ് കമ്പനിക്ക് സമീപം റോഡരികില്‍ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്താണ് പോലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം അപകടരംഗം പുനരാവിഷ്‌കരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിദഗ്ധരാണ് തെളിവെടുപ്പ് നടത്തിയത്. ഡോ. ജെയിംസും സംഘവും സംഭവസ്ഥലത്ത് വ്യാഴാഴ്ച നേരിട്ടെത്തി അപകടരംഗം പുനരാവിഷ്‌കരിച്ചു.

Signature-ad

ജനുവരി ഒമ്പതിന് രാത്രി 12നും പുലര്‍ച്ചെ 2.30നും ഇടയിലാണ് മരണം നടന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അപകടത്തില്‍പ്പെട്ട ബൈക്ക് സ്ഥലത്തെത്തിച്ചു. റോബിന്റെ അതെ വലിപ്പവും തൂക്കവുമുള്ള വ്യക്തിയെ ഉപയോഗിച്ചാണ് അപകടം പുനരാവിഷ്‌കരിച്ചത്. ഇതുവഴി യഥാർത്ഥ മരണ കാരണം കണ്ടെത്താനാവുമെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം.

സംഭവ സ്ഥലത്ത് നിന്ന് കൂടുതല്‍ തെളിവുകളും സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടുകൂടി കിട്ടിയശേഷം അന്തിമ തീരുമാനത്തിലെത്തും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ലുപൊട്ടി കരളിനും നെഞ്ചിനുമേറ്റ ക്ഷതവും തലയ്‌ക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന രാത്രി 11.45 വരെ റോബിന്‍ തട്ടക്കുഴ കമ്പനിപ്പടിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു. തിരികെ മടങ്ങുമ്പോഴാണ് അപകടം.

റബര്‍ ടാപ്പിങ്ങിന് പോയവരാണ് വഴിയില്‍ വീണുകിടക്കുന്ന റോബിനെ കണ്ടത്. തൊടുപുഴ – മലയിഞ്ചി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫോറന്‍സിക് സംഘത്തോടൊപ്പം കരിമണ്ണൂര്‍ സി.ഐ സുമേഷ് സുധാകരനും അന്വേഷണച്ചുമതലയുള്ള പൊലീസ് സംഘവും ഉണ്ടായിരുന്നു.

Back to top button
error: