KeralaNEWS

സാധാരണ ജനങ്ങളെ ക്രൂരമായി അവഗണിച്ചു, കേരളത്തിനും നിരാശ; കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് എം.വി ഗോവിന്ദന്‍ 

തിരുവനന്തപുരം: സാധാരണ ജനങ്ങളെയും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളേയും ക്രൂരമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോകസഭയില്‍ അവതരിപ്പിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന് കടുത്ത നിരാശ സമ്മാനിക്കുന്ന ബജറ്റു കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമൂഹത്തില്‍ പ്രബലരും, അതിസമ്പന്നരുമാണ് സമ്പത്ത് ഉല്‍പാദിപ്പിക്കുന്നവരെന്നും അതിനാല്‍ ഇവര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കിയാല്‍ പാവങ്ങളും സ്വാഭാവികമായും രക്ഷപ്പെടുമെന്ന നവഉദാരവാദനയമാണ് ബജറ്റിന്റെ അന്തസത്ത. അതുകൊണ്ടാണ് തൊഴിലില്ലായ്മ രൂക്ഷമാകുകയും, കൂലിയില്‍ കുറവുണ്ടാകുകയും, പട്ടിണി വ്യാപകമാകുകയും ചെയ്യുമ്പോഴും സാമൂഹ്യ മേഖലയില്‍ നിക്ഷേപം നടത്താന്‍ കേന്ദ്രം വിസമ്മതിച്ചത്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഇടം ലഭിക്കാത്ത ബജറ്റില്‍ തൊഴില്‍, ഭക്ഷണം, കൃഷി, പെന്‍ഷന്‍ തുടങ്ങിയ എല്ലാ മേഖലകള്‍ക്കുമുള്ള വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Signature-ad

തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതവും, കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതവും, ഭക്ഷ്യ സബ്‌സിഡിയും വെട്ടിക്കുറച്ചത് ദാരിദ്ര്യവും പട്ടിണിയും വര്‍ധിപ്പിക്കാനേ സഹായിക്കൂ. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളല്ല മറിച്ച് കടുത്ത വര്‍ഗീയ പ്രചരണമാണ് പൊതുതെരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിക്കുകയെന്ന അഹങ്കാരമാണ് ജനവിരുദ്ധ ബജറ്റില്‍ നിഴലിക്കുന്നത്. കേരളത്തെ നിരാശപ്പെടുത്തുന്നതാണ് ബജറ്റ്. എയിംസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല കടമെടുപ്പുപരിധി വര്‍ധിപ്പിക്കാനോ സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനോ കേന്ദ്രം തയ്യാറായില്ലെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

കേരളത്തിന് അര്‍ഹതപ്പെട്ട വിഹിതവും നീക്കിവെച്ചിട്ടില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായത്തിലും വെട്ടിക്കുറവ് വരുത്തി. ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ച് നേരിയ ആശ്വാസം നല്‍കിയെങ്കിലും റബ്ബര്‍ മേഖല ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ ബജറ്റില്‍ ഒരു നിര്‍ദ്ദേശവുമില്ല – എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Back to top button
error: