കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഇന്നു മുതൽ ഈ മാസം 28 വരെയാണ് പുതിയ സമയ ക്രമീകരണം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച മുതൽ നാലുവരെയും 13 മുതൽ 17 വരെയും 27, 28 തീയതികളിലും രാവിലെ എട്ടു മുതൽ ഒരു മണിവരെ റേഷൻ കടകൾ പ്രവർത്തിക്കും.
ഈ ജില്ലകളിൽ ഫെബ്രുവരി ആറ് മുതൽ 11 വരെയും 20 മുതൽ 25 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയും കടകൾ പ്രവർത്തിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഫെബ്രുവരി ആറ് മുതൽ 11 വരെയും ഫെബ്രുവരി 20 മുതൽ 25 വരെയും രാവിലെ എട്ടു മുതൽ ഒരു മണിവരെ പ്രവർത്തിക്കും.
ബുധനാഴ്ച മുതൽ നാല് വരെയും 13 മുതൽ 17 വരെയും ഫെബ്രുവരി 27, 28 തീയതികളിലും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയും റേഷൻ കടകൾ പ്രവർത്തിക്കും. കാർഡ് ഉടമകൾ പുതിയ സമയ ക്രമീകരണത്തിന് അനുസരിച്ചു വേണം സാധനങ്ങൾ വാങ്ങാൻ കടകളിലെത്താനെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.