NEWSPravasi

യു.എ.ഇ വിസ സംബന്ധിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 7 സുപ്രധാന മാറ്റങ്ങള്‍

ദുബൈ: യു.എ.ഇയുടെ ഏറ്റവും വലിയ എന്‍ട്രി, റെസിഡന്‍സി വിസ പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നത് 2022 ഒക്ടോബർ മുതലാണ്. തുടർന്നും നിരവധി മാറ്റങ്ങള്‍  ഉണ്ടായിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങളിലൂടെ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കി, ഗോള്‍ഡന്‍ വിസ പദ്ധതി വിപുലീകരിച്ചു. അതിനു ശേഷം ഗ്രീന്‍ വിസകള്‍ എന്ന പേരില്‍ പുതിയ അഞ്ച് വര്‍ഷത്തെ റെസിഡന്‍സി അവതരിപ്പിക്കുകയും ചെയ്തു. വിസ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധനയും വിസ തീയതി കഴിഞ്ഞാല്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കുന്നതിനുള്ള ഗ്രേസ് പീരിഡും ഉള്‍പ്പെടെ മറ്റ് പല മാറ്റങ്ങളും അടുത്തിടെ നടപ്പിലാക്കിയിട്ടുണ്ട്. പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ഏഴ് മാറ്റങ്ങള്‍ ഇതാ.

1. കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള നിയമങ്ങള്‍ ലഘൂകരിച്ചു

ഈ നീക്കം കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. എല്ലാ റസിഡന്‍സി തരങ്ങള്‍ക്കും ഇത് ബാധകമാണ്. 25 വയസ് വരെ പ്രായമുള്ള ആണ്‍മക്കളെ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ പ്രവാസികള്‍ക്ക് ഒപ്പം താമസിപ്പിക്കാൻ കഴിയും. നേരത്തെ ഈ പ്രായപരിധി 18 വയസായിരുന്നു. അവിവാഹിതരായ പെണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പ്രായപരിധിയില്ല.

2. ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് 10 വര്‍ഷത്തെ വിസയില്‍ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാം

ഒരു ഗോള്‍ഡന്‍ വിസ ഉടമയാണ് നിങ്ങളെങ്കില്‍, 10 വര്‍ഷത്തെ വിസയിൽ സ്വന്തം മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാം. മുമ്പ്, ദീര്‍ഘകാല റസിഡന്‍സി സ്‌കീം ഗുണഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാമായിരുന്നു.

3. വിസ ഫീസ് വര്‍ധന

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ICP) നല്‍കുന്ന എല്ലാ സേവനങ്ങളും ലഭിക്കുന്നതിനുള്ള ഫീസ് 100 ദിര്‍ഹം വര്‍ധിപ്പിച്ചു. അധിക ഫീസ് എമിറേറ്റ്സ് ഐഡിക്കും റസിഡന്‍സി വിസകള്‍ക്കും ബാധകമാണ്.

4. ഫ്രീസോണ്‍ വിസകളുടെ സാധുത കുറഞ്ഞു

യു.എ.ഇയില്‍ ഇഷ്യൂ ചെയ്യുന്ന ഫ്രീസോണ്‍ വിസകളുടെ സാധുത മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ടായി കുറച്ചു.

5. ഗ്രേസ് പീരിഡ് കൂട്ടി

വിസയുടെ കാലാവധി കഴിഞ്ഞാല്‍ ഒരു മാസത്തിനകം രാജ്യം വിടണമെന്നായിരുന്നു വ്യവസ്ഥ. പുതിയ പരിഷ്‌ക്കാരങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യം വിടാന്‍ 60 മുതല്‍ 180 ദിവസം വരെയുള്ള ഗ്രേസ് പീരിഡ് അനുവദിക്കും

6. പാസ്പോര്‍ടിലെ വിസ സ്റ്റാമ്പുകള്‍ക്ക് പകരമായി എമിറേറ്റ്സ് ഐഡി

പാസ്പോര്‍ട്ടില്‍ വിസ സ്റ്റിക്കറുകള്‍ പതിക്കുന്ന രീതി യു.എ.ഇ ഒഴിവാക്കി. പകരം, താമസക്കാരുടെ എമിറേറ്റ്സ് ഐഡികള്‍ അവരുടെ റെസിഡന്‍സി രേഖകളായി ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്നു.

7. മാസത്തിലേറെയായി വിദേശത്ത് താമസിക്കുന്നവര്‍ക്ക് റീ-എന്‍ട്രി പെര്‍മിറ്റ്

ആറ് മാസത്തിലേറെയായി രാജ്യത്തിന് പുറത്ത് താമസിച്ച യു.എ.ഇ റസിഡന്‍സി വിസക്കാര്‍ക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കാനുള്ള പെര്‍മിറ്റിന് അപേക്ഷിക്കാം. ഇത്തരക്കാര്‍ക്ക് മാറി താമസിക്കേണ്ടി വന്നതിന്റെ കാരണം വ്യക്തമാക്കി കഴിഞ്ഞാല്‍ ചില മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് റീ-എന്‍ട്രി പെര്‍മിറ്റ് അനുവദിക്കും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: