KeralaNEWS

താൽക്കാലിക ഡ്രൈവർമാർക്ക് എട്ടിന്റെ പണി, സർക്കാർ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് താത്ക്കാലിക നിയമനം നടത്തണമെന്ന് ഉത്തരവ്

കൊച്ചി: താൽക്കാലിക ഡ്രൈവർമാർക്ക് എട്ടിന്റെ പണിയുമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ‌ ഉത്തരവ്. സംസ്ഥാന സർക്കാർ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് താത്ക്കാലിക നിയമനം നടത്തണമെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ‌ ഉത്തരവിട്ടത്. 2018ലെ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവർ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് നിലവിലുള്ള താത്ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട് റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാനുള്ള ഇടക്കാല ഉത്തരവ്.

നിലവിൽ റാങ്ക് പട്ടികയിലുള്ള കുറച്ചു പേർക്കു മാത്രമാണു സർക്കാർ നിയമനം നൽകിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന താൽക്കാലിക ഡ്രൈവർമാരിൽ ഭൂരിപക്ഷവും സ്ഥാപനം ഭരിക്കുന്നവരുടെ അടുപ്പക്കാരാണ്. ഇതിനെതിരെ ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ളതു കൊണ്ടാണു സ്ഥിരം തസ്തിക സൃഷ്ടിക്കാതെ താത്ക്കാലികക്കാരെ നിയമിച്ചതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ താത്ക്കാലികമായി ജോലി ചെയ്യാൻ തയാറാണെന്ന് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ അറിയിച്ചു. തുടർന്ന് റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാലും ഇവരെ താത്ക്കാലികമായി നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ‌ ഉത്തരവിട്ടു.

Signature-ad

റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരെ താത്ക്കാലികമായി നിയമിക്കുകയും സർക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ സ്ഥിരപ്പെടുത്തുകയും വേണമെന്ന ആവശ്യം സംബന്ധിച്ചുള്ള കേസ് തുടരുകയാണ്. പുതിയ ഉത്തരവു നടപ്പാക്കിയാൽ ഏകദേശം 2550 താത്ക്കാലിക ഡ്രൈവർമാർ പുറത്താകും.

Back to top button
error: