ജീവിതം ആഹ്ലാദപൂർണമാകാൻ ആദ്യം മാനസികാരോഗ്യം മെച്ചപ്പെടണം, ഹാപ്പി ഹോര്‍മോണുകൾ ഉത്പാദിപ്പിക്കാന്‍ ഭക്ഷണവും വ്യായാമവും പ്രധാനം, കൂടുതൽ വിവരങ്ങൾ അറിയുക
മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് ഹാപ്പി ഹോര്‍മോണുകളെക്കുറിച്ചാണ്. മനുഷ്യശരീരത്തില്‍ ഡോപാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻഡോർഫിൻ എന്നിങ്ങനെ നാല് ഹോർമോണുകളാണ് പ്രധാനമായും ഉള്ളത്. ഇവ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കും.
ഡോപമൈൻ
തലച്ചോറിന്റെ റിവാർഡ് സിസ്റ്റത്തെ നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപമൈൻ. ആനന്ദകരമായ അല്ലെങ്കിൽ പ്രതിഫലദായകമായ സന്ദർഭങ്ങളിൽ മസ്തിഷ്കം ഇവ വർദ്ധിച്ച അളവിൽ ഉത്പാദിപ്പിക്കും. തത്ഫലമായി ആ വികാരങ്ങൾ നമുക്ക് അനുഭവവേദ്യമാകുകയും ചെയ്യും. ഇങ്ങനെ പ്രതിഫലദായകമായ സ്വഭാവങ്ങൾ വീണ്ടും ആവർത്തിക്കാനും ഡോപമൈൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഇതിന് വിപരീതമായി, കുറഞ്ഞ അളവിലെ ഡോപമൈൻ നമ്മുടെ ഉത്സാഹം കെടുത്തുകയും ചെയ്യും.
സെറോടോണിൻ
നമ്മുടെ മാനസികാവസ്ഥ, ഉറക്കം, ദഹനം, വിശപ്പ്, ഓർമ്മശക്തി എന്നിവ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് സെറോടോണിൻ. സെറോടോണിന്റെ ശരീരത്തിലെ വർദ്ധിച്ച അളവ് പോസിറ്റീവ് മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കുറഞ്ഞ അളവ് വിഷാദത്തിന് കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പല മരുന്നുകളും തലച്ചോറിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവയാണ്.
ഓക്സിടോസിൻ
‘ലവ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഇവ ബന്ധങ്ങളിൽ വിശ്വാസം, സഹാനുഭൂതി എന്നിവ പ്രോത്സാഹിപ്പിക്കുന്നു. രക്തത്തിലെ ഉയർന്ന ഓക്സിടോസിൻ ദമ്പതികൾക്കിടയിലെ സ്നേഹം, വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്നേഹ സ്പർശം, നോട്ടം എന്നിവയുടെ ഫലമായാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്.
എൻഡോർഫിൻ
വേദനസംഹാരികളായി പ്രവർത്തിക്കുന്ന ഹോർമോണുകളാണ് എൻഡോർഫിൻ. കേന്ദ്ര നാഡീവ്യൂഹത്തിലേക്കുള്ള വേദനയ്ക് കാരണമായ സിഗ്നലുകളുടെ കൈമാറ്റം എൻഡോർഫിനുകൾ തടയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഭക്ഷണം കഴിക്കുക, ജോലി ചെയ്യുക, അല്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയ പ്രതിഫലദായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ശരീരത്തിലെ ഇവയുടെ അളവ് വർദ്ധിച്ചേക്കാം.
സന്തോഷമായി ഇരിക്കാൻ മേൽ പറഞ്ഞ ഹാപ്പി ഹോർമോണുകളുടെ ഉത്പാദനം ഉത്തേജിപ്പിച്ചാൽ മതി. ഹാപ്പി ഹോർമോണുകൾ എങ്ങനെ കൂടുതലായി ഉത്പാദിപ്പിക്കാം എന്നറിയുക
വ്യായാമം
വ്യായാമത്തിന്റെ ശാരീരികാരോഗ്യ ഗുണങ്ങളെപറ്റി നമുക്കെല്ലാം അറിവുള്ളതാണ്. എന്നാൽ മാനസിക ആരോഗ്യം, വൈകാരിക ക്ഷേമം എന്നിവയിലും ഇവയ്ക്ക് സ്വാധീനം ചെലുത്താനാവും. വ്യായാമത്തിലൂടെ എൻഡോർഫിന്റെ ഉത്പാദനം കൂട്ടാൻ സാധിക്കും. നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന ഏത് തരത്തിലുള്ള ചലനവും വ്യായാമവും ഒരു പോസിറ്റീവ് വികാരം നിങ്ങളിൽ ഉണ്ടാക്കാൻ പ്രാപ്‌തമാണ്.
സ്നേഹബന്ധങ്ങൾ
നിങ്ങളുടെ ചുറ്റുമുള്ള വ്യക്തികൾക്കും നിങ്ങളുടെ സന്തോഷത്തെ വളരെയധികം സ്വാധീനിക്കാനാവും. ഓക്സിടോസിന്റെ ഉത്പാദനം തന്നെ പ്രധാനമായും ഇവയെ കേന്ദ്രീകരിച്ചാണ്. കൂടാതെ, സന്തോഷകരവുമായ ഓർമ്മകളെപറ്റി ചിന്തിക്കുന്നത് സെറോടോണിൻ ഉൽപാദനത്തിന് കാരണമാകും. എൻഡോർഫിൻ, ഓക്സിടോസിൻ, ഡോപാമൈൻ ഇവയെല്ലാം ലൈംഗിക പ്രവർത്തനത്തിന്റെ ഫലമായും ഉണ്ടാകാറുണ്ട്.
ഭക്ഷണം
ഹാപ്പി ഹോർമോണുകൾ നേരിട്ട് ശരീരത്തിലേക്കെത്തിക്കുന്നതോ ഉത്പാദനം കൂട്ടുന്നതോ ആയ ഭക്ഷണങ്ങൾ വിരളമാണ്. എന്നിരുന്നാലും ഡാർക്ക് ചോക്ലേറ്റ്, കാപ്പി, മുട്ട, പാൽ, പരിപ്പ് എന്നിവയ്ക് ഒരു പരിധി വരെ ഇതിന് സാധിക്കും. ചെറിയ അളവിലുള്ള മദ്യത്തിനും എൻഡോർഫിനുകളുടെ ഉത്പാദനം കൂട്ടാൻ സാധിക്കും. എന്നാൽ, അമിതമായാൽ ഇവ വിപരീത ഫലമുണ്ടാകും.
സംഗീതം
ഒന്നിലധികം ഹാപ്പി ഹോർമോണുകളുടെ ഉത്പാദനത്തെ സ്വാധീനിക്കാൻ ശേഷിയുണ്ട് സംഗീതത്തിന്. പാട്ട് കേൾക്കുന്നതും പാടുന്നതും ഒരുപോലെ ഓക്സിടോസിന്റെ ഉത്പാദനം കൂട്ടുന്ന പ്രവർത്തികളാണ്.
ഇവ കൂടാതെ യോഗ, വേഗത്തിലുള്ള നടത്തം, ധ്യാനം, മസാജ്, കോമഡി ഷോകൾ ഇവയെല്ലാം ഹാപ്പി ഹോർമോണുകളുടെ ഉത്പാദനത്തെ സ്വാധീനിക്കാൻ ശേഷിയുള്ളവയാണ്. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഏത് വ്യായാമവും നമുക്ക് നല്ല അനുഭവം നല്‍കും.
ഓരോരുത്തർക്കും പ്രിയപ്പെട്ട കോമഡി പ്രോഗ്രാം കാണുക. ചിരി സമ്മര്‍ദ്ദം കുറയ്ക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിരാവിലെയോ ഉച്ചകഴിഞ്ഞോ വെയിലു കൊള്ളുന്നതിലൂടെ നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. ഈ വിറ്റാമിന്‍ സെറോടോണിന്റെ രൂപീകരണത്തിനും സഹായികക്കും. ഇത് വിഷാദം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സംഗീതം ഹാപ്പി ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കും. സ്ലോ മ്യൂസിക് നിങ്ങളുടെ തലച്ചോറില്‍ ഡോപാമൈന്‍ ഉല്‍പാദിപ്പിക്കും. സംഗീതം ആസ്വദിക്കുന്നതിലൂടെ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടാനും സെറോടോണിന്റെ ഉത്പാദനം വര്‍ദ്ധിക്കാനും ഇടയാകും.