IndiaNEWS

പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സർവേ ധനമന്ത്രി സഭയിൽ വയ്ക്കും, കേന്ദ്ര ബജറ്റ് നാളെ

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പതിനൊന്ന് മണിക്ക് സെൻട്രൽ ഹാളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യും. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ സഭയിൽ വയ്ക്കും. ഇരു സഭകളും പിന്നീട് പ്രത്യേകം ചേരും. നാളെ രാവിലെ 11 മണിക്കാണ് പൊതു ബജറ്റ് അവതരണം.

പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷി യോഗം

ഈ സമ്മേളനത്തിൽ 36 ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കും. രണ്ട് ഘട്ടമായാണ് ബജറ്റ് സമ്മേളനം. ഒന്നാം ഘട്ടം ഫെബ്രുവരി 14ന് അവസാനിക്കും. രണ്ടാം ഘട്ട സമ്മേളനം മാർച്ച് 12ന് തുടങ്ങും. അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍, ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയുടെ ഡോക്യുമെന്ററി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാതിരുന്ന സര്‍ക്കാര്‍, സഭാ ചട്ടങ്ങള്‍ അനുസരിച്ച് ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്ന് യോഗത്തിൽ വ്യക്തമാക്കി. ഈ വിഷയങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്.

അദാനി ഗ്രൂപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു. ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിയെക്കുറിച്ചും അത് ഇന്ത്യയില്‍ നിരോധിച്ചതിനെക്കുറിച്ചും ചര്‍ച്ച വേണം. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാല്‍ അവര്‍ വീണ്ടും സമര രംഗത്താണെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും യോ​ഗത്തിൽ പ്രതിപക്ഷം ഉയർത്തി.

ജാതി അടിസ്ഥാനമാക്കി ദേശീയതലത്തില്‍ സാമ്പത്തിക സെന്‍സസ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി, സഹമന്ത്രിമാരായ വി. മുരളീധരന്‍, അര്‍ജുന്‍ മേഘ്‍വാള്‍ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Back to top button
error: