പൗരുഷ ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം, പ്രായം 40 കഴിഞ്ഞവർ തക്കാളിക്ക കഴിക്കൂ
ഡോ.വേണു തോന്നക്കൽ
ഒരേസമയം പച്ചക്കറിയും പഴവുമാണ് തക്കാളിപ്പഴം . ആൾ കാഴ്ചയ്ക്ക് സുന്ദരി. അമേരിക്കക്കാരിയാണ്. സോളാനം ലൈകൊപെർസിക്കം (Solanum lycopersicum)എന്നാണ് ശാസ്ത്രനാമം.
ലോകമെമ്പാടും കൃഷിചെയ്യുകയും ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു. പോഷക സമൃദ്ധമാണ്. ജീവകം ഏ, ജീവകം സി, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോ കെമിക്കലുകൾ, നാരുഘടകം എന്നിവ ധാരാളമായി കാണുന്നു.
തക്കാളിക്കയും പ്രമേഹവുമായി പ്രത്യേകം ബന്ധമൊന്നുമില്ല. അതേ സമയം പഴത്തിൽ പഞ്ചസാരയുടെ അളവ് കുറവായാൽ പ്രമേഹ രോഗികൾക്ക് ധാരാളമായി കഴിക്കാം. തന്മൂലം തക്കാളിക്കയുടെ ഗുണങ്ങളും പ്രമേഹ രോഗികൾക്ക് ലഭിക്കും. ഇത് അവർക്കും മെച്ചപ്പെട്ട ആരോഗ്യം പ്രധാനം ചെയ്യുന്നു.
പൗരുഷ ഗ്രന്ഥിയുടെ ആരോഗ്യത്തിന് വളരെ നന്നാണ് തക്കാളിക്ക. അതിനാൽ പുരുഷന്മാർ വിശേഷിച്ചും പ്രായം 40 കഴിഞ്ഞവർ തക്കാളി ശീലമാക്കുക. ഒരാളുടെ 40കളിലും അതിനുശേഷവും ആണല്ലോ പൗരുഷ ഗ്രന്ഥി വീക്കവും ടൈപ്പ്-2 പ്രമേഹവും ഒക്കെ ബാധിക്കുന്നത്.
ചർമ്മത്തിന്റെ ആരോഗ്യത്തിനും ചർമ കാന്തിക്കും നല്ലത്. ഉദര സുഖം ലഭിക്കുമെന്ന് മാത്രമല്ല ദഹനസഹായി കൂടിയാണ്. ഓർമശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പഴുത്ത തക്കാളിപ്പഴമാണ് പച്ചയേക്കാൾ പോഷക സമൃദ്ധം. തൊലിയിൽ അടങ്ങിയിട്ടുള്ള ലൈകൊ പീൻ (lycopene) ഘടകം ക്യാൻസറുകളെ പ്രതിരോധിക്കുന്നു. നമ്മുടെ മിക്ക കറികളിലും തക്കാളിക്ക ചേർക്കുന്നുണ്ട് കൂടാതെ ജാം, സോസ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
തക്കാളിക്ക പാചകം ചെയ്തും അല്ലതെയും നാം കഴിക്കാറുണ്ട്. പാചകം ചെയ്ത് കഴിക്കുന്നതാണ് പച്ചക്ക് കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണകരം. അതേസമയം പാചകം ചെയ്തു കഴിക്കുമ്പോൾ അതിൽ നിന്നും ജീവകം സി നഷ്ടമാകുന്നു.
സൗന്ദര്യവർധനയ്ക്കായി ഇത് അരച്ച് ഫെയ്സ്പാക്ക് ആയി ഉപയോഗിക്കുന്നുണ്ട്. തൻമൂലം താൽക്കാലികമായി മുഖ ചരമത്തിൽ ശീതസൗഖ്യവും വ്യക്തിക്ക് മനോസുഖവും ലഭിക്കുമെന്നല്ലാതെ മറ്റു മെച്ചമൊന്നും ശാസ്ത്രീയമായി പറയാനാവില്ല. മുഖത്ത് തേക്കുന്ന അത്രയും തക്കാളി എങ്കിലും ഭക്ഷണമാക്കുകയാണെങ്കിൽ തീർച്ചയായും അതിന് ഏറെ ഗുണമുണ്ടാകും.