CrimeNEWS

ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റു; രക്ഷകരായി പൊലീസ്, മൂന്നുപേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ കുഞ്ഞിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി ഒരു ലക്ഷം രൂപയ്ക്കു വിറ്റു ! പോലീസിന്റെ തക്കസമയത്തെ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 26 ന് നഗരത്തിലെ കാമത്ഘര്‍ പ്രദേശത്തുനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റതായും ഇവര്‍ പൊലീസിനോട് പറഞ്ഞു. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

Signature-ad

ഈ മാസമാദ്യം ഡൽഹിയിൽ കുഞ്ഞിനെ തട്ടി കൊണ്ടുപോയ സംഭവത്തിൽ 21 വയസുകാരൻ അറസ്റ്റിലായിരുന്നു. കുട്ടികളില്ലാത്ത അമ്മാവന് സമ്മാനിക്കുന്നതിനായാണ് ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഗൗതംപുരിയിലെ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് വേണ്ടി നടത്തിയ തെരച്ചിലുകളെല്ലാം പാഴായതിനെ തുടർന്ന് പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരന്റെ അയൽവാസിയായ നീരജ് എന്ന യുവാവിനെയും അതേ ദിവസം കാണാതായിട്ടുണ്ടെന്ന് മനസിലായി. അടുത്ത ദിവസം അയാൾ തിരിച്ചു വന്നതുമില്ല. അയാൾ തലസ്ഥാനം തന്നെ വിട്ടുവെന്ന് പിന്നീട് വ്യക്തമായാതായും പൊലീസ് പറഞ്ഞു. പൊലീസ് പ്രതിയെ കണ്ടെത്തിയപ്പോൾ ഇയാൾ കുട്ടിയെയും തട്ടിയെടുത്ത് അലിഗഡിലുള്ള മാതൃ സഹോദരൻ സുനിത് ബാബുവിന്റെ വീട്ടിൽ കഴിയുകയായിരുന്നുവെന്ന് ഡി.സി.പി ഇഷ പാണ്ഡെ പറഞ്ഞു. അമ്മാവനും ഭാര്യക്കും നാല് ആൺമക്കൾ ജനിച്ചിരുന്നെന്നും എന്നാൽ എല്ലാ കുഞ്ഞുങ്ങളും മരിച്ചുപോയെന്നും അതിനാൽ കുട്ടിയെ അമ്മാവന് നൽകാനായി കൊണ്ടുവന്നതാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. പൊലീസ് കുഞ്ഞിനെ രക്ഷിക്കുകയും യുവാവിനെയും അമ്മാവനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Back to top button
error: