അശ്വന്ത് എന്ന യുവാവിന് ജീവനൊടുക്കേണ്ടി വന്നത് കൊല്ലം പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ മകളുമായി പ്രണയത്തിലായ കാരണത്താലാണ്. മകളുടെ പ്രണയബന്ധത്തെ എതിര്‍ത്ത പോലീസ് ഓഫീസർ, അശ്വന്ത് മകളെ ശല്യം ചെയ്തുവെന്ന് കാണിച്ച് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതേ തുടർന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തു.
തിരിച്ച് വീട്ടിലെത്തിയ ന്നുശ്വന്ത് ആത്മഹത്യ ചെയ്തു. യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ഇന്ന് ചവറ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. പോലീസിന്റെ പീഡനംമൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചാണ് ബന്ധുക്കളും സുഹൃത്തുക്കളും അശ്വന്തിന്റെ മൃതദേഹവുമായി പോലീസ് സ്റ്റേഷന് ഉപരോധിച്ചത്.
പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അശ്വന്തിനെ ഭീക്ഷണിപ്പെടുത്തുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാണ് കുടുംബം പറയുന്നത്. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പച്ചതെന്നും കുടുംബം ആരോപിക്കുന്നു.
ചവറ എം.എല്‍.എ ഡോ. സുജിത് വിജയന് പിള്ള, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ച കുടുംബവുമായി സംസാരിച്ചു. സംഭവത്തില്‍ പരിശോധന നടത്താമെന്നും ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെങ്കില്‍ കടുത്ത നടപടിക്ക് നിര്‍ദ്ദേശിക്കാമെന്നും ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കുടുംബം മൃതദേഹവുമായി തിരിച്ചുപോയി.
മൃതദേഹം വെള്ളിയാഴ്ച തന്നെ വീട്ടിൽ സംസ്കരിച്ചു. ഡി.ഐ.ജിയും കൊല്ലം സിറ്റി പോലീസ് കമ്മീഷണറും സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ഇതിന്റെ ഭാഗമായി സി.ഐയുടെ മുറിയിലെ സി.സി.ടി.വിയടക്കം പരിശോധിക്കും. യുവതിയുടെ പിതാവിന്റെ പരാതിയെക്കുറിച്ച് ചോദിച്ചറിയുക മാത്രമാണ് താന്‍ ചെയ്തതെന്നും മർദ്ദിക്കുകയോ മാനസീകമായി പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സി.ഐ പറയുന്നു.