തിരുവനന്തപുരം: ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കിയ അഞ്ചാം ദിനം തന്നെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അസാധാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന തെറ്റായ നയങ്ങള്‍ക്കെതിരായി ദ്വീപ് നിവാസികള്‍ പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് എന്‍.സി.പി എം.പിയായ പി.പി. മുഹമ്മദ് ഫൈസല്‍ തടവ് ശിക്ഷ വിധിച്ചത്. ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസം ഉണ്ടെന്നിരിക്കെ ധൃതിപിടിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അസാധാരണമായ സംഭവമാണെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ജലന്ധര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒഴിവുണ്ടായിരുന്നിട്ടും അവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെയാണ് ഈ അസാധാരണ നടപടി ഉണ്ടായത്. എം.പിയായ പി.പി. മുഹമ്മദ് ഫൈസല്‍, മേല്‍ കോടതിയില്‍ നല്‍കിയ അപ്പീലിന്മേല്‍ വിധി പറയാനുള്ള അവസരം പോലും നല്‍കാതെയെടുത്ത ഈ നടപടി അങ്ങേയറ്റം ദുരൂഹമാണെന്നും എം.വി. ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ, വധശ്രമക്കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത് ജാമ്യത്തില്‍ വിടണമെന്ന മുഹമ്മദ് ഫൈസല്‍ അടക്കം നാല് പ്രതികള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. കഴിഞ്ഞ ജനുവരി 18നാണ് ലക്ഷദ്വീപിലെ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. സാധാരണഗതിയില്‍ നിലവിലുള്ള ജനപ്രതിനിധി മരിക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് പദവി നഷ്ടമാവുകയോ ചെയ്യുമ്പോള്‍ പരമാവധി ആറ് മാസത്തിനുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്താറുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ നടത്തും എന്ന കീഴ്വഴക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നതാണ് കമ്മീഷന്റെ വാദം.
ആന്ത്രോത്ത് പൊലീസ് 2009ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസല്‍ അയോഗ്യനാകുന്നത്. മുന്‍ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവാണ് ശിക്ഷ.