കോഴിക്കോട്: തമിഴ്നാട്ടില്‍ നിന്ന് ഗുഡ്സ് ഓട്ടോറിക്ഷയില്‍ മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75,000 രൂപ വിലവരുന്ന 15,000-ഓളം കോഴി മുട്ടകളും ഓട്ടോറിക്ഷ സഹിതം മോഷ്ടിച്ച കേസില്‍ രണ്ട് പേര് പിടിയില്‍. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി പീറ്റര്‍ സൈമണ്‍ എന്ന സുനു, മങ്ങോട്ട് വയല്‍ സ്വദേശി അര്ജുന് എന്നിവരാണ് പിടിയിലായത്.
പുലര്‍ച്ചെ മാര്‍ക്കറ്റില്‍ എത്തിക്കേണ്ട കോഴിമുട്ടകളുമായി അര്‍ധരാത്രി കോഴിക്കോട് എത്തിയ ഡ്രൈവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് അല്പം മാറി വിശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ മറ്റൊരു ഓട്ടോയില്‍ വന്ന പ്രതികള്‍ മുട്ടകള്‍ കയറ്റിയ വാഹനവുമായി രക്ഷപ്പെട്ടു. തുടര്‍ന്ന് വാഹനത്തില്‍ നിന്നും മോഷ്ടിച്ച മുട്ടകള്‍ ഇവര്‍ കോഴിക്കോട് നഗരത്തിലുള്ള പല സ്ഥാപനങ്ങളിലേക്കും വില്‍ക്കുകയായിരുന്നു.
സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. കേസിലെ പ്രതിയായ സൈമണ്‍ മുന്‍പും പല മോഷണകേസുകളില്‍ പ്രതിയാണ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.