CrimeNEWS

കഞ്ചാവ് കച്ചവടം നടത്തുന്ന ഗുണ്ടാ സംഘങ്ങൾക്കെതിരെ പരാതി ഉന്നയിച്ചതി​ന്റെ പേരിൽ പൊലീസ് പകവീട്ടുന്നു; കച്ചവടം ഉപേക്ഷിച്ച് നാടുവിടേണ്ട സ്ഥിതിയെന്ന് കോട്ടയം അതിരമ്പുഴയിലെ കളള് ഷാപ്പ് ഉടമ

കോട്ടയം: കഞ്ചാവ് കച്ചവടം നടത്തുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചതിന്‍റെ പേരില്‍ പൊലീസ് പകവീട്ടുന്നെന്ന ആരോപണവുമായി കോട്ടയം അതിരമ്പുഴയിലെ കളള് ഷാപ്പ് ഉടമ. നിസാര കാര്യങ്ങളുടെ പേരില്‍ ഏറ്റുമാനൂര്‍ പൊലീസില്‍ നിന്ന് നിരന്തരമായുണ്ടാകുന്ന പ്രതികാര നടപടികള്‍ കാരണം കച്ചവടം ഉപേക്ഷിച്ച് നാടുവിടുകയാണെന്നും അതിരമ്പുഴ സ്വദേശി ജോര്‍ജ് വര്‍ഗീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങളുമായുളള ബന്ധത്തിന്‍റെ പേരില്‍ ഏറ്റുമാനൂര്‍ എസ്എച്ച്ഒയെ കഴിഞ്ഞ ദിവസം വടകരയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെയാണ് പൊലീസിനെതിരെ വ്യാപാരി രംഗത്തെത്തിയത്.

കഞ്ചാവ് വില്‍ക്കുന്ന ഗുണ്ടാ സംഘം തന്‍റെ കളളു ഷാപ്പില്‍ നിരന്തരമായി ആക്രമണം നടത്തിയിട്ടും പൊലീസ് സ്വീകരിക്കുന്ന തണുപ്പന്‍ നിലപാടിനെ പറ്റി ഒരു മാസം മുമ്പാണ് അതിരമ്പുഴ സ്വദേശി ജോര്‍ജ് വര്‍ഗീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പരാതി ഉന്നയിച്ചത്. വാര്‍ത്ത വന്നതിനു പിന്നാലെ പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതരായി. ഇതിനു ശേഷം വീണ്ടും ഗുണ്ടാ സംഘങ്ങള്‍ പലകുറി പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. എന്നിട്ടും പൊലീസ് തന്നെ കുറ്റക്കാരനാക്കും വിധമാണ് പെരുമാറുന്നതെന്ന് ജോര്‍ജ് വര്‍ഗീസ് പറയുന്നു.

Signature-ad

സ്ത്രീകള്‍ക്കടക്കം കുടുംബങ്ങള്‍ക്ക് കൂടി എത്താനാകും വിധമാണ് ജോര്‍ജ് തന്‍റെ കളള് ഷാപ്പ് ക്രമീകരിച്ചിരിക്കുന്നത്. പുറത്തെ ഹട്ടുകളിലും കളളും ഭക്ഷണവും വിളമ്പുന്ന ഷാപ്പുകള്‍ കോട്ടയം മേഖലയില്‍ ഏറെയുണ്ട് താനും. എന്നാല്‍ പൊലീസിന്‍റെ സമ്മര്‍ദത്തെ തുടര്‍ന്ന് തന്‍റെ കളളു ഷാപ്പില്‍ മാത്രം ഹട്ടുകളില്‍ കളളു വിളമ്പരുതെന്ന് എക്സൈസ് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുളളൂ എന്നാണ് എക്സൈസ് വിശദീകരണം. എന്നാല്‍ ഹട്ടുകളില്‍ കളളു വിളമ്പുന്ന മറ്റ് ഷാപ്പുകളിലും ഈ നിയന്ത്രണം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ലതാനും. ഗുണ്ടാ സംഘം തന്നെ ആക്രമിക്കാന്‍ പിന്തുടരുകയാണെന്ന പരാതിയും ജോര്‍ജ് കോട്ടയം എസ്പിക്ക് നല്‍കിയിട്ടുണ്ട്.

Back to top button
error: